സെക്രട്ടറിയുടെ പരാതി സമ്മര്‍ദ്ദം മൂലമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍
ചാവക്കാട്: യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനാലാണ് ബജറ്റ് അവതരണയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് കൗണ്‍സിലര്‍മാര്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ബ്ലാങ്ങാട് ബീച്ചിലെ കള്ളുഷാപ്പ് പൂട്ടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഈ സംഭവത്തില്‍ യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു
നഗരസഭാ സെക്രട്ടറിയെ വെള്ളം കുടിക്കാന്‍ പോലും അനുവദിക്കാതെ മൂന്ന് മണിക്കൂര്‍ ഉപരോധിച്ചെന്ന ആരോപണം പച്ചക്കള്ളമാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പോലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ സെക്രട്ടറി പിന്നീട് പരാതി നല്‍കിയത് നഗരസഭ ഭരിക്കുന്നവരുടെ സമ്മര്‍ദ്ദത്തെതുടര്‍ന്നായിരിക്കാമെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ജനാധിപത്യരീതിയിലാണ് സമരം നടത്തിയത്.
ജാമ്യമില്ലാവകുപ്പ് ചുമത്തിയതിനാല്‍ ബജറ്റ് അവതരണം മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും നഗരസഭാ അധികൃതര്‍ അതിന് തയ്യാറായില്ലെന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് കെ. വി. സത്താര്‍, ബേബി ഫ്രാന്‍സിസ്, ഷാഹിദ മുഹമ്മദ് ഷാഹിദ പേള, ഫൈസല്‍ കാനാംപുള്ളി, അസ്മ ത്തലി, പി. കെ. കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.