പോലീസ് അറസ്റ്റ് ചെയ്ത ശശികലക്ക് തിരുവല്ല ആർ ഡി ഒ ജാമ്യം നൽകി
തിരുവല്ല : നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ശബരിമല മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത കെ പി ശശികലയ്ക്ക് തിരുവല്ല ആർഡിഒ ജാമ്യം അനുവദിച്ചു. യുടേതാണ് തീരുമാനം. പോലീസ് നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് ഇന്ന് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. 5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കെ.പി.ശശികലയുടെ പ്രതികരണം. പമ്പയിലേക്ക് പോകുമെന്ന് ജാമ്യം ലഭിച്ച ശേഷം കെ പി ശശികല പ്രതികരിച്ചു.
ഇതുവരെ ശശികലയ്ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ട് പൊലീസ് തിരുവല്ല മജിസ്ട്രേറ്റിന് സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസ് റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചു.
രാവിലെ എട്ട് മണിയോടെ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം തുടങ്ങി. രാവിലെ നാമജപ പ്രതിഷേധമാണെന്ന് പറഞ്ഞ് തുടങ്ങിയെങ്കിലും പിന്നീട്, സ്റ്റേഷൻ സംഘപരിവാർ പ്രവർത്തകർ വളഞ്ഞു. ശശികലയെ വീണ്ടും സന്നിധാനത്തേയ്ക്ക് എത്തിയ്ക്കണമെന്നായിരുന്നു ആവശ്യം.
നിരോധനം ലംഘിച്ച് സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ചുവെന്നായിരുന്നു ശശികലയ്ക്കെതിരായ കേസ്. പ്രശ്നസാധ്യത കണക്കിലെടുത്താണ് ശശികലയെ കരുതൽ തടങ്കലിലാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാനുള്ളതേയുള്ളൂ എന്ന പൊലീസ് നിർദേശം പക്ഷേ ശശികല തള്ളി. തന്നെ എവിടെ നിന്ന് അറസ്റ്റ് ചെയ്തോ അവിടെ വിടണമെന്നായിരുന്നു ശശികലയുടെ ആവശ്യം. ഇത് അനുവദിക്കാനാകില്ലെന്ന് പൊലീസ് തറപ്പിച്ചു പറഞ്ഞു. ഒടുവിൽ വൈകിട്ട് മൂന്ന് മണിയോടെ ശശികലയെ മജിസ്ട്രേറ്റിന് മുന്നിൽ കൊണ്ടുവന്നു. സ്റ്റേഷന് മുന്നിൽ വച്ച്, തന്നെ ഇനി തടയില്ലെന്ന് പൊലീസ് ഉറപ്പ് നൽകിയതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അത്തരം ഒരു ഉറപ്പും പൊലീസ് നൽകിയിരുന്നില്ലെന്നാണ് സൂചന.