രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു
ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ ശശി തരൂർ ഉൾപ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനും അഞ്ച് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് അയച്ചു. അറസ്റ്റ് സ്റ്റേ ചെയ്യുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തു.
ബാലിശമായ പരാതികളിൽ ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജർ ആയ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഒരേ തരത്തിൽ ഉള്ള പരാതികളിൽ ആണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഹരിയാണ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകൾ ഒരുമിച്ച് ആക്കണം എന്നും സിബൽ വാദിച്ചു. ഈ ആവശ്യത്തിൽ കോടതി നോട്ടീസ് അയച്ചു.
റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ മധ്യഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി.
എന്നാൽ ട്വിറ്ററിൽ ലക്ഷകണക്കിന് ആൾക്കാർ പിന്തുരുടരുന്നവരുടെ ട്വീറ്റുകൾ അക്രമങ്ങൾക്ക് വഴി വച്ചു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആരോപിച്ചു.
ശശി തരൂർ, രാജ്ദീപ് സർദേശായി, വിനോദ് കെ ജോസിനും എന്നിവർക്ക് പുറമെ മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ്, എന്നിവരുടെ അറസ്റ്റും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്