Post Header (woking) vadesheri

സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കണം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Above Post Pazhidam (working)

തൃശൂർ : സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും വിദേശ സര്‍വകലാശാലകളോടുള്‍പ്പെടെ സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ആരോഗ്യസര്‍വ്വകലാശാല നേതൃത്വം നല്‍കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അലൂമ്‌നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ആയുര്‍വേദം, യുനാനി പോലുള്ള മേഖലകളില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായി കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് ആരോഗ്യസംവിധാനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സഹായിച്ചു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണ് അവിടുത്തെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍. ആരോഗ്യപ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരുമെല്ലാം ചേര്‍ന്ന് അതിനായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ ഗവര്‍ണര്‍ കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെ ഇന്ത്യ ഫലപ്രദമായി നേരിട്ടതിനെക്കുറിച്ചും പരാമര്‍ശിച്ചു. കോവിഡുമായി പോരാടിയ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മഹനീയപ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ജനറിക് മരുന്നുകളുടെ നിര്‍മാണത്തില്‍ രാജ്യം ഒന്നാമതാണ്. ഉന്നതനിലവാരമുള്ള മരുന്നുകള്‍ 200 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ആധുനികസംവിധാനങ്ങള്‍ സംയോജിപ്പിക്കണം. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ആരോഗ്യരംഗത്ത് വരുന്ന പുതിയ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികളോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.

Ambiswami restaurant

സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 6812 ബിരുദധാരികളുടെ പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. ഡോ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, ബിരുദ കോഴ്‌സുകളിലെ ഒന്നാം റാങ്ക് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, ഫലകം എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ സമ്മാനിച്ചു. ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയ 1412 പേര്‍ക്കാണ് ബിരുദദാനച്ചടങ്ങില്‍ നേരിട്ട് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇതില്‍ 254 പേര്‍ മെഡിക്കല്‍ പി ജി ഡിഗ്രി/ഡിപ്ലോമ/സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദധാരികളും 27 പേര്‍ ഡെന്റല്‍ പി ജി ബിരുദധാരികളും 198 പേര്‍ ആയുര്‍വേദ പി ജി ഡിപ്ലോമ ബിരുദധാരികളും 40 പേര്‍ ഹോമിയോ പി ജി ബിരുദധാരികളും 239 പേര്‍ നഴ്‌സിംഗ് പിജി ബിരുദധാരികളും 463 പേര്‍ ഫാര്‍മസി പിജി ബിരുദധാരികളും 191 പേര്‍ പാരാമെഡിക്കല്‍ പി ജി ബിരുദധാരികളുമാണ്. ബിരുദധാരികളായ 5400 പേരില്‍, 1134 പേര്‍ എം ബി ബി എസിലും, 601പേര്‍ ബി എ എം എസിലും, 197 പേര്‍ ബി എച്ച് എം എസിലും, 2 പേര്‍ നഴ്‌സിംഗ് (ആയുര്‍വേദ)യിലും, 39 പേര്‍ ബി എസ്സ് എം എസിലും, 26 പേര്‍ ബി യു എം എസിലും, 1 ആള്‍ ഫാര്‍മസി (ആയുര്‍വ്വേദയിലും), 591 പേര്‍ ബി എസ്സ് സി നഴ്‌സിംഗിലും, 365 പേര്‍ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്‌സിംഗിലും, 489 പേര്‍ ബി ഡി എസിലും, 1129 പേര്‍ ബി ഫാര്‍മിലും, 395 പേര്‍ ബി പി ടി യിലും, 07 പേര്‍ ബി എസ് സി എം ആര്‍ ടി യിലും, 25 പേര്‍ ബി എസ്സ് സി മെഡിക്കല്‍ ബയോ കെമിസ്ട്രിയിലും, 53 പേര്‍ ബി എസ്സ് സി മെഡിക്കല്‍ മൈക്രോ ബയോളജിയിലും, 89 പേര്‍ ബി എ എസ്സ് എല്‍ പിയിലും, 104 പേര്‍ ബി എസ്സ് സി എം എല്‍ ടി യിലും, 24 പേര്‍ ബി സി വി ടിയിലും, 122 പേര്‍ ബി എസ്സ് സി ഒപ്‌റ്റോമെട്രിയിലും, 07 പേര്‍ ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയിലുമാണ് ബിരുദം നേടിയത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുനല്‍കും.

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ സി കെ ജയറാം പണിക്കരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഡോ സി കെ ജയറാം പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലിയ കെ സണ്ണി, മഞ്ചേരി ഗവ മെഡിക്കല്‍ കോളേജിലെ അങ്കിത. കെ എന്നിവര്‍ അര്‍ഹരായി. വിവിധ വിഷയങ്ങളില്‍ ഒന്നാം റാങ്ക് ജേതാക്കളായ 12 വിദ്യാര്‍ത്ഥികളും ചടങ്ങില്‍ ഗവര്‍ണറില്‍ നിന്ന് ക്യാഷ് അവാര്‍ഡും ഫലകവും ഏറ്റുവാങ്ങി.

Second Paragraph  Rugmini (working)

ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ മോഹനന്‍ കുന്നമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ.എ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്, സര്‍വ്വകലാശാലാ ഡീന്‍മാരായ ഡോ. ഷാജി കെ എസ്, ഡോ. വി എം ഇക്ബാല്‍, ഡോ ആര്‍ ബിനോജ്, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.