കുന്നംകുളത്തെ ബ്രാഞ്ച് സെക്രട്ടറി സനൂപ് വധം, ഏഴാം പ്രതി ഷെമീർ അറസ്റ്റിൽ
കുന്നംകുളം: പുതുശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കേസിലെ ഏഴാം പ്രതി ഇയ്യാല്‍ ചുങ്കം സ്വദേശി ഷമീര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ഒക്ടോബര്‍ നാല് ഞായറാഴ്ച രാത്രി പത്തരയോടെയാണ് സിപിഐഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ ചിറ്റിലങ്ങാട് വച്ച് കുത്തിക്കൊലപ്പെടുത്തിയത്.
രണ്ടു സംഘങ്ങൾ തമ്മിലുള്ള തർക്കം ചർച്ച ചെയ്ത് പരിഹരിക്കാൻ സുഹൃത്ത് രാത്രിയിൽ വിളിച്ചു കൊണ്ടുപോയതായിരുന്നു സനൂപിനെ . തർക്കം സംഘർഷത്തിൽ എത്തുകയും എതിർ സംഘം സനൂപിനെ കുത്തി വീഴ്ത്തുകയുമായിരുന്നു .കുത്തേറ്റ സനൂപിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായതുമില്ല .രാഷ്ട്രീയ കൊലപതകമാണ് എന്ന് സി പി എം ആരോപിച്ചെങ്കിലും പോലീസ് റിപ്പോർട്ടുകൾ അത് നിരാകരിക്കുന്നതായിരുന്നു
സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പെട്ടന്ന് തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. കൊലപാതകം നടന്ന് രണ്ടാം ദിനംതന്നെ മുഖ്യപ്രതി നന്ദനെ കുന്നംകുളം എസിപി സിനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടി. ചിറ്റിലങ്ങാട് സ്വദേശികളായ സുജയ് കുമാറും സുനീഷും തൊട്ടടുത്ത ദിവസങ്ങളില്‍ തൃശൂര്‍ തണ്ടിലത്ത് വെച്ചും പിടിയിലായി.
കൊലപാതകം നടന്ന് അഞ്ചാം ദിനമാണ് അഭയജിത്ത്, ശ്രീരാഗ്, സതീഷ് എന്നിവരെ
കുന്നംകുളം പഴുന്നാന ചമ്മം തിട്ടയില്‍ നിന്ന് അന്വേഷണസംഘം പിടികൂടിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു ഇവര്‍. കേസിലെ ഏഴാം പ്രതി ഇയ്യാല്‍ ചുങ്കം സ്വദേശി ഷമീറാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും അറസ്റ്റിലായി. നന്ദനാണ് സനൂപിനെ കുത്തി വീഴ്ത്തിയത്. സുജയ് കുമാര്‍ സനൂപിന്റെ തലയ്ക്ക് പിറകില്‍ അടിച്ചു.
സുനീഷ് വെട്ടുകത്തി ഉപയോഗിച്ച് സനൂപിന്റെ സംഘത്തിലെ മറ്റുള്ളവരെ ആക്രമിച്ചതായും മൊഴി നല്‍കിയിരുന്നു. ഇന്ന് അറസ്റ്റിലായ ഷമീര്‍ ഒഴികെ ഉള്ള ആറു പേരും റിമാന്റിലാണ്. സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു.