
കാലത്തിനനുസരിച്ച് സംഘടനാ പ്രവർത്തനം നവീകരിക്കണം: സാദിഖലി തങ്ങൾ

ഗുരുവായൂർ: ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നിർണായക ഉത്തരവാദിത്വമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ദ്വിദിന ലീഡേഴ്സ് മീറ്റ് ഗുരുവായൂർ നക്ഷത്ര എമറാൾഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക വെല്ലുവിളികളും ഗൗരവമായി വിലയിരുത്തി ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തണം. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹിക നീതിയും ബഹുസ്വരതയും ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സൗഹാർദവും വളർത്തുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെയും സ്ത്രീകളെയും വിവിധ സാമൂഹിക വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ജനകീയവും പങ്കാളിത്തപരവുമായ സംഘടനാ പ്രവർത്തനശൈലി വളർത്തിയെടുക്കണം. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് സംഘടനാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ജനങ്ങളുമായി അടുത്തുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും വേണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജില്ല പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എം സാദിഖലി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജില്ല ജനറൽ സെക്രട്ടറി പി എം അമീർ, ട്രഷറർ ആർ വി അബ്ദുൽ റഹീം, ഭാരവാഹികളായ എ എസ് എം അസ്ഗർ അലി തങ്ങൾ, കെ എ ഹാറൂൺ റഷീദ്, എം പി കുഞ്ഞിക്കോയ തങ്ങൾ, വി എം മുഹമ്മദ് ഗസ്സാലി, പി കെ ഷാഹുൽ ഹമീദ്, സി അഷ്റഫ്, വി കെ മുഹമ്മദ്, സി എ ജാഫർ സാദിഖ്, ആർ എ അബ്ദുൽ മനാഫ്, എം വി ഷക്കീർ, പി വി ഉമ്മർ കുഞ്ഞ്, ഉസ്മാൻ കല്ലാട്ടയിൽ, ഗഫൂർ കടങ്ങോട്, എം എ റഷീദ്, എം എ അസീസ്, കെ കെ ഹംസക്കുട്ടി, പി കെ ബഷീർ, പി എ അബ്ദുകരീം, പി കെ നൗഷാദ് എന്നിവർ സംസാരിച്ചു.

