Header 1 = sarovaram
Above Pot

യുവതീ പ്രവേശനത്തെ ബോര്‍ഡ് അനുകൂലിച്ചാൽ തീവ്ര നിലപാടിലേക്ക് നീങ്ങും : രാഹുൽ ഈശ്വര്‍

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയാല്‍ കാണിക്ക ഇടുന്നതിനെ എതിര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് നീങ്ങുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന മുന്‍നിലപാടിന് പകരം യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനൊപ്പമാകും സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് നില്‍ക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമലയിലെ യുവതീ പ്രവേശന വിധിയ്ക്ക് എതിരായ റിവ്യൂ പെറ്റീഷനുകള്‍ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

ശബരിമലയില്‍ വീഴുന്ന കാശെടുത്ത് അതേ അമ്പലത്തിലെ ദേവനെതിരെ വാദിക്കുക എന്നത് അന്യായമാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആര്യമാ സുന്ദരത്തെ പോലെ ലക്ഷങ്ങള്‍ വാങ്ങുന്ന സീനിയര്‍ വക്കീലിനെ കൊണ്ടുവരുന്ന് അയ്യപ്പനെതിരെ വാദിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം ഏറ്റവും വൃത്തികെട്ട സത്യപ്രതിജ്ഞാ ലംഘനമാണ്. അനുകൂലിച്ചില്ലെങ്കിലും മിണ്ടാതെയെങ്കിലും ഇരിക്കാനുള്ള മാന്യത കാണിക്കേണ്ടതല്ലേയെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

Astrologer

‘ശബരിലമലയുടെ കാശെടുത്ത് ശബരിമലയ്‌ക്കെതിരെ വാദിക്കുകയാണെങ്കില്‍ ഭക്തര്‍ ദേവസ്വം ബോര്‍ഡിന്റെ ഹുണ്ടിയില്‍ കാശിടേണ്ടെന്ന് പറഞ്ഞാല്‍ കുറ്റംപറയാനാവില്ല. ഇപ്പോള്‍ തന്നെ ഹുണ്ടിയില്‍ കാശിടരുതെന്നും ദക്ഷിണ മാത്രം നല്‍കിയാല്‍ മതിയെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ഇപ്പോള്‍ ഞങ്ങളാരും അത്തരം നിലപാടുകള്‍ എടുത്തിട്ടില്ല. എന്നാല്‍, ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ശബരിമലയ്‌ക്കെതിരെ വാദിക്കുകയാണെങ്കില്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ദേവസ്വം ഹുണ്ടിയില്‍ കാശിടരുതെന്ന് ആഹ്വാനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീവ്ര നിലപാടിലേക്ക് പോകേണ്ടിവരും’ -രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയ്‌ക്കെതിരെ കക്ഷി ചേരുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ‘ശബരിമലയെ വര്‍ഗീയവാദത്തിന്റെ കണ്ണിലൂടെ അവതരിപ്പിക്കാനുള്ള ശ്രമം അപലപനീയമാണ്. ശബരിമല വര്‍ഗീയതയുടെ കേന്ദ്രമല്ല ബഹുസ്വരതയുടെ കേന്ദ്രമാണ്. ക്ഷേത്രത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസമില്ലാത്തവരാണ്. ക്ഷേത്രത്തെ സംരക്ഷിക്കാനല്ല മുസ്ലിം-ക്രിസ്ത്യന്‍ വിരോധമാണ് ഇവര്‍ക്കുള്ളത്. എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ള ഹിന്ദുക്ഷേത്രമാണ് ശബരിമല. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന അതേ രീതിയില്‍ ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയെയും എതിര്‍ക്കും’ -രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടില്ലെന്നും ഹര്‍ജിയില്‍ അതൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു

Vadasheri Footer