
ശബരിമല വിവാദം തിരിച്ചടിയായി.

തിരുവനന്തപുരം: ശബരിമല വിവാദവും സ്വർണ്ണക്കൊള്ളയിൽ നടപടി ഇല്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയിലാണ് ശബരിമല വിവാദം തിരിച്ചടിയായെന്ന വിലയിരുത്തലുണ്ടായത്. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും പത്മകുമാറിനെതിരെ നടപടി ഇല്ലാത്തത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ചർച്ചയിൽ അഭിപ്രായമുണ്ടായി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. സർക്കാർ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാ വീഴ്ചയുണ്ടായതായും സംസ്ഥാന സമിതി വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥ വേണമെന്നാണ് സംസ്ഥാന സമിതിയിലെ നിർദേശം
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവും സംഘടി പ്പിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ സംസ്ഥാന വിരുദ്ധനയ സമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും. ആദ്യഘട്ടമായി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ മന്ത്രിമാരും എംഎൽഎമാരും അണിനിരക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയം സംഘടിപ്പിക്കും. ഇന്ന് ചേര്‍ന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന് ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. സംഘനാ വീഴ്ച തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്‍റെ ഭാഗമായിക്കൂടിയാണ് കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിലേക്കും രാഷ്ട്രീയ വിശദീകരണ ജാഥകളിലേക്കും എല്ലാം മുന്നണി നേതൃത്വം കടക്കുന്നത്.
