എസ് ഡി പി ഐ ക്ക് സി പി എമ്മുമായിട്ടാണ് കൂട്ട് : കെ സുധാകരൻ എം പി
ചാവക്കാട് : എസ് ഡി പി ഐ ക്ക് കോൺഗ്രസുമായിട്ടല്ല കൂട്ട് സി പി എമ്മുമായിട്ടാണെന്നു കെ സുധാകരൻ എം പി അഭിപ്രായപ്പെട്ടു . മലപ്പുറത്ത് പല പഞ്ചായത്തുകളും ഭരിക്കുന്നത് ഈ കൂട്ട് കെട്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ യഥാർഥ പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ചാവക്കാട് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ .
എസ് ഡി പി ഐ യുടെയും സി പി എമ്മിന്റെയും ആക്രമണം ഒരേ രൂപത്തിലുള്ളതാണ് , വെട്ടും സാമ്യമുള്ളതാണ് .അത് കൊണ്ട് ഇരു പാർട്ടികൾക്കും പരിശീലനം നൽകുന്നത് ഒരേ കേന്ദ്രത്തിൽ നിന്നാണ് എന്ന് അദ്ദേഹം ആരോപിച്ചു . ആരാണ് കൂടുതൽ ആക്രമകാരികളെന്ന കാര്യത്തിൽ എസ്.ഡി.പി.ഐയും സി.പി.എമ്മും ആർ.എസ്.എസും മൽസരിക്കുകയാണ്. എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം ഗൂഢാലോചന നടത്തിയാണ് കണ്ണൂരിലും ചാവക്കാട്ടും കഴിഞ്ഞ ദിവസം രണ്ടു പേരെ വെട്ടിക്കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് ക്രമസമാധാനനില താറുമാറായെന്നും പാർട്ടി പ്രവർത്തകർക്ക് കോൺഗ്രസ് പാർട്ടി തന്നെ സംരക്ഷണ കവചമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നൗഷാദിന്റെ കുടുംബത്തെ കോൺഗ്രസ് ദത്തെടുത്തു എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തിലെ യഥാർഥ പ്രതികളെ പോലീസ് പികൂടിയില്ലെങ്കിൽ നൗഷാദിന്റെ രക്ത സാക്ഷ്യത്വത്തിന്റെ വില സർക്കാരിന് മനസിലാക്കി കൊടുക്കാൻ കോൺഗ്രസ് നിർബന്ധിതമാകും
“കോടതി വിധികൾ രാഷ്ട്രീയ കൊലപാതങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകുന്നതായി എം.പി പറഞ്ഞു. ഷുഹൈബ് വധക്കേസിലെ വിധിയടക്കം ഇതിനു തെളിവാണ്. സർക്കാരിന് വേണ്ടി വാദിക്കാൻ ആസാം സ്വദേശിയയായ വക്കീൽ വന്നതിന് ശേഷമാണ് കോടതിക്ക് മനം മാറ്റം ഉണ്ടായത് .ഇത് സംബന്ധിച്ച് കൂടുതൽ പറയാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല എന്നും സുധാകരൻ പറഞ്ഞു വെച്ചു .
നേരത്തെ മണത്തല ബ്ളോക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിനടുത്ത് ബാരിക്കേഡുകൾ നിരത്തി പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് ശാന്തരാക്കി. തുടർന്നാണ് പ്രതിഷേധയോഗം നടന്നത്. നൂറു കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ പി യതീന്ദ്രദാസ്, ജോസ് വള്ളൂർ ,കെ ഡി വീരമണി ,എ എം അലാവുദ്ധീൻ , മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് ബ്ലോക്ക് മണ്ഡലം നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി കുന്നംകുളം ഡി വൈ എസ് പി സിനോജിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് സമരക്കാരെ നേരിടാൻ എത്തിയത്