Madhavam header
Above Pot

നെൽവയൽ ഉടമകൾക്ക് റോയൽറ്റി നിലവിൽ വന്നു, ഹെക്ടറിന് 2000 രൂപ.

തൃശൂർ: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൃഷി അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രലാൽ, കെ രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് മാത്യു ഉമ്മൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ വി ആർ നരേന്ദ്രൻ, വി സന്ധ്യ, നീന കെ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ. വാസുകി നന്ദിയും പറഞ്ഞു.

Astrologer

നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമണത്തിന്റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. നെൽവയലുകൾ തരിശിട്ടിരിക്കുന്ന ഭൂവുടമകൾ ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ/ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. ഈ ഭൂമി തുടർന്നും മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും. റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.

Vadasheri Footer