Above Pot

പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ചു കാലമായി ചികിത്സയിലായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9 മുതൽ 11 മണിയ്ക്ക് സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്കു ശേഷം പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും.

ആറ്റിക്കുറുക്കിയ വരികളിൽ, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതി ആറ്റൂർ രവിവർമ്മ. തൃശ്ശൂരിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27-ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയ ആറ്റൂർ പിന്നീട് അധ്യാപകനായി. വിവിധ കോളേജുകളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം ഭാര്യ ശ്രീദേവിയോടൊപ്പം തൃശ്ശൂരിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ബ്രണ്ണൻ കോളേജിൽ ആയിരിക്കുമ്പോൾ മുഖ്യ മന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും അവിടെ വിദ്യാർത്ഥികൾ ആയിരുന്നു

തമിഴിൽ നിന്നടക്കം നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടേത് മുതൽ തമിഴിലെ പുതുതലമുറ കഥാകാരി രാജാത്തി സൽമയുടെ കൃതികൾ വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു അദ്ദേഹം. 1996-ൽ ‘ആറ്റൂർ രവിവർമ്മയുടെ കവിതകൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

1957 മുതൽ കവിതകൾ എഴുതിത്തുടങ്ങിയ ആറ്റൂരിന്‍റെ ആദ്യ കവിതാ സമാഹാരം പുറത്തു വരുന്നത് 1977-ലാണ്. ‘കവിത’ എന്നായിരുന്നു ആ സമാഹാരത്തിന്‍റെ പേര്. ”മേഘരൂപൻ”, ”സംക്രമണം” എന്നിങ്ങനെ, പിന്നീട് ചർച്ചയായ നിരവധി കവിതകൾ ഈ സമാഹാരത്തിലുണ്ടായിരുന്നു. ആദ്യസമാഹാരത്തിനുശേഷം ആറ്റൂര്‍ രവിവര്‍മയുടെ രണ്ടാം സമാഹാരം “ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍’ പുറത്തുവന്നത് 1994-ലാണ്. പിന്നീട് 2003-ല്‍ പുറത്തുവന്ന “ആറ്റൂര്‍ രവിവര്‍മയുടെ കവിതകളി’ൽ 95 മുതലുള്ള കവിതകളാണ് സമാഹരിക്കപ്പെട്ടത്. “ആറ്റൂര്‍ക്കവിതകള്‍’ എന്ന സമ്പൂര്‍ണ സമാഹാരം 2012-ല്‍ പ്രകാശിതമായി.

new consultancy

”സഹ്യനേക്കാൾ തലപ്പൊക്കവും നിളയേക്കാളുമാർദ്രതയുമുള്ള” കവിതകളുടെ ”മേഘരൂപ”നെന്ന് ആറ്റൂർ എഴുതിയത് കുഞ്ഞിരാമൻ നായരെക്കുറിച്ചാണെങ്കിലും കവിയ്ക്കും ചേരുമായിരുന്നു അത്. അമ്പത്തഞ്ചുവര്‍ഷം നീളുന്ന കാവ്യസപര്യയില്‍ അദ്ദേഹം എഴുതിയത് ഏതാണ്ട് നൂറ്റിനാല്‍പതോളം കവിതകള്‍ മാത്രമാണ്. ആഘോഷങ്ങൾക്കോ അഭിമുഖങ്ങൾക്കോ ഒന്നും അധികം നിന്നുകൊടുക്കാറുണ്ടായിരുന്നില്ല അദ്ദേഹം. എഴുത്തും നിലപാടുകളും രാഷ്ട്രീയവുമെല്ലാം അദ്ദേഹം കവിതകളിലൂടെ എഴുതുകയും പറയുകയും ചെയ്തു.
മലയാള കവിതയെ ആധുനികവത്കരിച്ച അയ്യപ്പപ്പണിക്കരെപ്പോലെയുള്ള കവികളുടെ തലമുറയിലെ തലതൊട്ടപ്പൻമാരിൽ ഒരാളാണ് ആറ്റൂർ രവിവർമ്മ

buy and sell new