രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക്

Above article- 1

ഗുരുവായൂർ : കഞ്ചാവ് കേസിലെ പ്രതി രഞ്ജിത്തിന്റെ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സംസ്ഥാന മന്ത്രിസഭയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഇനി കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്താൽ ആ കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറാൻ തീരുമാനം ആയി. ഹരിയാനയിലെ ഒരു കസ്റ്റ‍‍ഡിമരണക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും സേനാ വിഭാഗങ്ങൾക്ക് കീഴിൽ കസ്റ്റഡി മരണങ്ങൾ ഉണ്ടായാൽ അത് സിബിഐ അന്വേഷിക്കണമെന്നായിരുന്നു വിധിന്യായം. കസ്റ്റഡി മരണങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് മതിയോ സിബിഐ വേണോ എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സുപ്രധാനമായ തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്.

രഞ്ജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിട്ടുകൊണ്ട് തീരുമാനം നടപ്പാക്കി തുടങ്ങുകയാണ് സംസ്ഥാന സർക്കാർ. നേരത്തെ നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടിരുന്നു. എന്നാൽ മുൻകാല പ്രാബല്യത്തിൽ മറ്റ് കസ്റ്റഡി മരണക്കേസുകളും സിബിഐയ്ക്ക് വിടുമോ എന്ന കാര്യം വ്യക്തമല്ല.

Astrologer

ഇനി സംസ്ഥാനത്ത് ഒരു കസ്റ്റഡി മരണവും ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിൽ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇനി കസ്റ്റഡി മരണങ്ങളുണ്ടായാൽ അത് സിബിഐക്ക് വിടുമെന്ന കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല പൊലീസ് യോഗത്തിലും കസ്റ്റ‍ഡി മരണക്കേസുകൾ സംഭവിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് താൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഒക്ടോബർ ഒന്നിനാണ് തൃശൂർ എക്‌സൈസ് സ്‌പെഷൽ സ്‌കോഡ് കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കുന്നത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പാവറട്ടിയിലെ കള്ള് ഗോഡൗണിൽ വെച്ച് കടുത്ത മർദനത്തിന് ശേഷം എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. രഞ്ജിത് കുമാറിൻറെ കഴുത്തിലും തലയ്ക്കു പിറകിലും ആയി12 ഓളം ക്ഷതങ്ങൾ ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തലയിലെ രക്ത സ്രാവമാണ് മരണത്തിന് കാരണമായത്. തുടർന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 7 ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റം ചുമത്തി. ഗുരുവായൂര്‍ എസിപിബിജു ഭാസ്കറിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ കസ്റ്റഡി മരണ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു ..ഇതോടെ കേസിൽ ഇതു വരെ അഞ്ച് പേർ അറസ്റ്റിലായി . എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ , എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡൈവര്‍ ശ്രീജിത്തിനെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല.

<

സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാക്ഷി മൊഴികളില്‍ നിന്ന് ശ്രീജിത്ത് മർദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം.

Vadasheri Footer