മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ല : റസൂൽ പൂക്കുട്ടി

">

തിരുവനന്തപുരം : കേരളത്തിലെ വന്‍കിട മള്‍ട്ടിപ്ലെക്സ് തിയ്യേറ്ററുകളില്‍ നിലവാരമുള്ള ശബ്ദ, ദൃശ്യ സംവിധാനങ്ങള്‍ ഇല്ലെന്ന് റസൂല്‍ പൂക്കുട്ടി. ആദ്യമായി സറൗണ്ട് സിങ്ക് സൗണ്ട് എന്ന വിശേഷണവുമായെത്തിയ പുതിയ ചിത്രം പ്രാണ കേരളത്തിലെ തിയ്യേറ്ററുകളില്‍ കണ്ട ശേഷമാണ് ഓസ്‌കര്‍ ജേതാവും മലയാളി സൗണ്ട് ഡിസൈനര്‍ കൂടിയായ അദ്ദേഹം ദുരനുഭവവും പ്രതിഷേധവും അറിയിച്ചത്.

ചിത്രം ലുലുമാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടപ്പോള്‍ തീരെ നിരാശപ്പെട്ടു. തന്റെ മിക്‌സിങ്ങിന് എന്തെങ്കിലും സംഭവിച്ചതാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് മറ്റ് തിയ്യേറ്ററുകളില്‍ കണ്ടു നോക്കി അവിടെ മികച്ച അനുഭവം ലഭിച്ചു. തിരിച്ചു വന്ന് വീണ്ടും ലുലുവിലെ മള്‍ട്ടിപ്ലെക്‌സില്‍ കണ്ടുവെങ്കിലും നിരാശപ്പെടുത്തുന്ന അനുഭവമായിരുന്നു ഫലമെന്നും പൂക്കുട്ടി പറഞ്ഞു. ചില വന്‍കിട മള്‍ട്ടിപ്ലെക്സുകളില്‍ വിവിധ ഭാഷാ സിനിമകള്‍ക്ക് ശബ്ദസംവിധാനത്തിന് ലെവല്‍ കാര്‍ഡുകളുണ്ട്. അത് കോര്‍പറേറ്റുകള്‍ തീരുമാനിച്ച്‌ നടപ്പാക്കുകയാണ്. അതനുസരിച്ച്‌ മലയാളത്തിന്റെ ലെവലല്ല തമിഴിന്, അതല്ല ബോളിവുഡിനോ ഹോളിവുഡിനോ. പഴശ്ശിരാജ റിലീസ് ചെയ്തപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായതെന്നും അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്നത്തെ സാംസ്‌കാരിക മന്ത്രി എം എ ബേബിക്ക് നിവേദനം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രാണയുടെ അനുഭവത്തെ തീയേറ്ററുകള്‍ വികലമാക്കി. എന്റെയും ഒപ്പമുള്ള ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരുടെയും ജോലിയെയാണ് അവര്‍ വികലമാക്കിയിരിക്കുന്നത്. അത്തരം തീയേറ്ററുകളില്‍ ടിക്കറ്റുകള്‍ക്ക് വലിയ തുക പ്രേക്ഷകര്‍ നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. ഇത്തരം തീയേറ്ററുകള്‍ക്ക് നമ്മുടെ സിനിമകള്‍ അയക്കണമോ എന്നാണ് സിനിമയിലെ സഹപ്രവര്‍ത്തകരോട് തനിക്ക് ചോദിക്കാനുള്ളതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. മള്‍ട്ടിപ്ലെക്സുകളിലെ പ്രദര്‍ശന സംവിധാനം പലപ്പോഴും ഇത്തരത്തിലായിരിക്കുമ്ബോള്‍ ചെറിയ സിംഗിള്‍ സ്‌ക്രീന്‍ തീയേറ്ററുകള്‍ പലപ്പോഴും ദൃശ്യ, ശബ്ദ സംവിധാനങ്ങളില്‍ ഞെട്ടിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors