ഉന്നാവ് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു, രോഷാകുലരായി ജനം.
ഉന്നാവ് ( യു പി ) : പീഡിപ്പിച്ച പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം തീ കൊളുത്തി കൊന്ന യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ഉന്നാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്‍റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം റോഡ് മാര്‍ഗ്ഗം യുപിയിലെ ഉന്നാവില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഗ്രാമവാസികള്‍ തീര്‍ത്തും വൈകാരികമായാണ് പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിച്ചത്. കനത്ത പൊലീസ് സുരക്ഷയില്‍ ആംബുലന്‍സില്‍ കൊണ്ടു വന്ന മൃതദേഹം ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. നാളെ രാവിലെ സംസ്കാരം നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം വീട്ടിലേക്കെത്തിയ ജില്ലാ മജിസ്ട്രേറ്റിനെ വഴിയില്‍ തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്കക്ക് കാരണമായി. യുപി സര്‍ക്കാരിലെ പല മന്ത്രിമാരും ഉദ്യോഗസ്ഥരും നേരത്തെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയെങ്കിലും എല്ലാവര്‍ക്കുമെതിരെ കനത്ത പ്രതിഷേധമാണ് വീട്ടില്‍ നിന്നുമുണ്ടായത്. ഉത്തര്‍പ്രദേശ് ഭരിക്കുന്ന യോഗി സര്‍ക്കാരിനെതിരെ ആള്‍ക്കൂട്ടം മുദ്രാവാക്യം വിളിച്ചു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് വന്‍തോതിലുള്ള പൊലീസ് സന്നാഹമാണ് ഗ്രാമത്തിലൊരുക്കിയത്.
മകള്‍ക്ക് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പലതവണ പൊലീസ് സ്റ്റേഷനുകളില്‍ പോയി പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പൊലീസുകാര്‍ തങ്ങള്‍ ആട്ടിയോടിക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ 23-കാരിയായ പെണ്‍കുട്ടി രക്ഷപ്പെടാന്‍ സാധത്യ കുറവാണെന്ന വിവരം ഡോക്ടര്‍മാര്‍ നേരത്തെ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
അതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തി .
ഇരയുടെ കുടുംബം കഴിഞ്ഞ ഒരുകൊല്ലത്തോളം തുടര്‍ച്ചയായി അപമാനിക്കപ്പെട്ടു. പ്രതികള്‍ക്ക് ചില ബിജെപിക്കാരുമായി ബന്ധമുണ്ടെന്നാണ് ഞാന്‍ കേട്ടത്. അവര്‍ക്ക് മറഞ്ഞിരിക്കാന്‍ സാധിക്കുന്നത് അതിനാലാണ്. സംസ്ഥാനത്ത് കുറ്റവാളികള്‍ക്ക് ഭയമില്ലാത്ത സാഹചര്യമാണെന്നും പ്രിയങ്ക പറഞ്ഞു.
ക്രിമിനലുകള്‍ക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ അദ്ദേഹം സംസ്ഥാനത്തെ എങ്ങനെയാണ് മാറ്റിയിരിക്കുന്നത്. ഇവിടെ സ്ത്രീകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഉന്നാവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം രാജ്യത്ത് നടക്കുന്ന ബലാത്സംഗങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായെന്ന് അദ്ദേഹം ആരോപിച്ചു. വയനാട്ടില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വിദേശരാജ്യങ്ങള്‍ ചോദിക്കുന്നതെന്നും അദ്ദേഹം ചടങ്ങില്
പറഞ്ഞു.യുപിയിലെ ഒരു ബിജെപി എംഎല് എ പീഡനക്കേസില് ഉള്പ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷം പോലും മിണ്ടിയില്ല. രാജ്യം ഭരിക്കുന്ന വ്യക്തി വിശ്വസിക്കുന്നത് അക്രമത്തിലും വിഭജനത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു