ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു
ഇടുക്കി: കട്ടപ്പന നരിയമ്ബാറയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു . ഡിവൈഎഫ്‌ഐ നേതാവും നരിയമ്ബാറ സ്വദേശിയുമായ തടത്തുകാലായില്‍ മനു മനോജാണ് തൊടുപുഴ മുട്ടം ജയിലില്‍ തൂങ്ങി മരിച്ചത് .ജയിലിലെ ഗ്രില്ലിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്നു ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കട്ടപ്പന നരിയമ്ബറായില്‍ 16കാരിയായ പീഡനത്തിന് ഇരയായയ ദളിത് പെണ്‍കുട്ടി 23നാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതിയായ മനു മനോജിനെ 24നാണ് തൊടുപുഴ കോടതി റിമാന്‍ഡ് ചെയ്തത്.
മുട്ടത്തെ ജില്ലാ ജയിലില്‍ തടവിലായിരുന്ന പ്രതി ഇന്ന് വൈകുന്നേരെ നാലു മണിയോടെയാണ് ആത്മഹത്യ ചെയ്തത്. കുളി കഴിഞ്ഞ് അലക്കിയ തുണി വിരിക്കാന്‍ ജയിലിന്റെ മുകള്‍ഭാഗത്തേക്ക് പോയ മനു, ഉടുമുണ്ടും തോര്‍ത്തും ചേര്‍ത്ത് കുരുക്കിട്ട് ആത്മഹത്യ ചെയ്തുവെന്നാണ് ജില്ല ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ഉടന്‍ തന്നെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുണി ഉണക്കാന്‍ ജയിലിന് മുകളിലേക്ക് തടവുകാരെ അയക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ ജയില്‍ ജീവനക്കാര്‍ പ്രതിയുടെ ഒപ്പം പോകാറുണ്ട്. ഇത്തവണ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് പൊലീസ് കരുതുന്നത്.
മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകും. കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്നു പ്രതി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഇതിനിടയിലായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം.
65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്നും ആരോഗ്യ നില വഷളായ പെണ്‍കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.