
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ രാമാനുജര്‍ പുന: പ്രതിഷ്ഠ സമര്‍പ്പണം നടന്നു.

ഗുരുവായൂര്‍: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരിച്ച ശ്രീക്കോവിലേയ്ക്ക് രാമാനുജര്‍ ഭഗവാന്റ വിഗ്രഹം ആചാര-അനുഷ്ഠാന- താന്ത്രിക ചടങ്ങുകളോടെ പുനപ്രതിഷ്ഠ സമര്‍പ്പണം നടത്തി. നേരത്തെ ബാലാലയത്തില്‍ നിന്ന് ആചാര ശ്രേഷ്ഠന്മാര്‍ ഭഗവല്‍ വിഗ്രഹം ചാരുതയോടെ, നിര്‍മ്മാണം പൂര്‍ത്തികരിച്ച ശ്രീകോവിലേക്ക് എത്തിച്ച് പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു. ശുദ്ധി വരുത്തി, കലശമാടി അനുബന്ധ പൂജകള്‍ നടത്തി സമര്‍പ്പണ പ്രക്രിയ ഭക്ത്യാധരപൂര്‍വമാണ് പൂര്‍ത്തികരിച്ചത്.


തന്ത്രി കല്ലൂര്‍ കൃഷ്ണജിത് നമ്പൂതിരി മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ആചാര്യ വരണം നടത്തി. കൊടയ്ക്കാട്ട് രാമന്‍ നമ്പൂതിരി, കൃഷ്ണന്‍നമ്പൂതിരി, മൂത്തേടത്ത് അഖിലേഷ് നമ്പൂതിരി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. പുന:പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യവുമുണ്ടായിരുന്നു. തുടര്‍ന്ന് പ്രസാദ വിതരണവും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, ഹരി കൂടത്തിങ്കല്‍, ക്ഷേത്രം മാനേജര്‍ പി. രാഘവന്‍ നായര്‍, വിജയകുമാര്‍ അകമ്പടി എന്നിവര്‍ നേതൃത്വം നല്‍കി