Madhavam header
Above Pot

തീരപ്രദേശങ്ങളിലെ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നല്‍കണം – എന്‍ കെ അക്ബര്‍ എംഎല്‍എ

ചാവക്കാട്: തീരപ്രദേശങ്ങളില്‍ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നല്‍കുന്നത് സംബന്ധിച്ച് കൃഷി മന്ത്രി പി പ്രസാദിന് എന്‍ കെ അക്ബര്‍ എംഎല്‍എ നിവേദനം നല്‍കി. നിവേദനം പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു.ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളായ പുന്നയൂര്‍ക്കുളം, പുന്നയൂര്‍ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി രാമച്ച കൃഷി നടത്തി വരുന്നുണ്ട്.

Astrologer

ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ തന്നെ വിവിധ ആയുര്‍വേദ ഔഷധ നിര്‍മാതാക്കള്‍, കുടില്‍ വ്യവസായ യൂണിറ്റുകള്‍ എന്നിവയിലേക്ക് രാമച്ചം കയറ്റി അയക്കുന്നുമുണ്ട്. വില തകര്‍ച്ച നേരിടുന്ന രാമച്ച കൃഷിക്ക് താങ്ങുവിലയും പ്രത്യേക സബ്സിഡിയും നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ രാമച്ച കൃഷിയുടെ അഭിവൃദ്ധിക്കായി ഇതുവരെ പ്രത്യേക പദ്ധതികളൊന്നും ആവിഷ്കരിച്ചിട്ടില്ല എന്നതിനാലാണ് എംഎല്‍എയുടെ നിവേദനം.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സബ്സിഡി മാര്‍ഗരേഖയില്‍ രാമച്ച കൃഷിയെ പ്രത്യേകം പരാമര്‍ശിക്കാത്തതിനാല്‍ സബ്സിഡി അനുവദിക്കുന്നതിന് സാധിക്കുകയുമില്ല. അതിനാല്‍ രാമച്ച കൃഷി മേഖലയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കമെന്നും നിവേദനത്തില്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Vadasheri Footer