കെ റെയിൽ പദ്ധതി , കല്ലിടൽ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാന വികസന പദ്ധതിയായ കെ റെയിലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനെയാണ് ഹൈക്കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം സിൽവർ ലൈൻ പദ്ധതിക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് സാധിക്കുമെന്നും കോടതി വിശദീകരിച്ചു. ഈ നിയമത്തിൽ പറയുന്ന 60 സെന്റിമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി പറഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹർജിയിലാണ് നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ. പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാലും സർവേ തടയാനില്ലെന്നും അവർ പറഞ്ഞു.
കെറെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം സംസ്ഥാനത്ത് പലയിടത്തും ശക്തമായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെറെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ വിശദീകരിച്ചത്.
കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് എത്തിയത്. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായുളള അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കോഴിക്കോട് ചെറുവണ്ണൂരിൽ സംഘര്‍ഷത്തിലെത്തിച്ചത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെങ്കിലും കല്ലിടല്‍ പൂര്‍ത്തിയാക്കാനായില്ല.
കോഴിക്കോട് കോര്‍പറേഷനിലെ 46 ാം ഡിവിഷന്‍റെ ഭാഗമായ ഈ പ്രദേശത്തെ വീടുകള്‍ക്ക് മുന്നിലുള്‍പ്പെടെ നേരത്തെ കല്ലിട്ട് പോയത് വലിയ പ്രതിഷേധത്തിനിടയാക്കിയരുന്നു. ചര്‍ച്ച നടത്താതെയും സംശയങ്ങള്‍ ദുരീകരിക്കാതെയുമാണ് പൊലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥരെത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും കല്ലിടലിനായുളള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവുമധികം കല്ലിടല്‍ നടന്നത്. ഏഴ് വില്ലേജുകളിലായി 22 കിലോമീറ്റര്‍ നീളത്തില്‍ അറുന്നൂറോളം കല്ലുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കല്ലിടല്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പദ്ധതി പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്