Above Pot

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ അടിച്ച് ത‍കർത്തു, സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് ത‍കർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് – യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വയനാട്ടിൽ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചുകഴിഞ്ഞു. . എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

Astrologer

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി ഇപ്പോൾ എത്തിയിട്ടുണ്ട്.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് നരേന്ദ്രമോദിയെയും സംഘപരിവാറിനെയും ബി ജെ പിയെയും സുഖിപ്പാനായിരുന്നോ എന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം പ്രതിഷേധം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എസ്‍പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച ചെയ്തിരുന്നു. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്. :

രാഹുല്‍ഗാന്ധി യുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ അപലപിച്ചു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമം അപലപനീയമാണ്. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. കേരളത്തിലെ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടതെന്നും താരിഖ് അൻവർ ദില്ലിയിൽ പറഞ്ഞു. ദില്ലിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്‍യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി

Vadasheri Footer