Madhavam header
Above Pot

റാഫേൽ അഴിമതിയിൽ മോദിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: അലോക് വര്‍മയെ സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിന്ന് മോദിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ മോദി കൈക്കൂലി വാങ്ങി. കൈപ്പറ്റിയ പണം മോദി തന്റെ സുഹൃത്തുക്കള്‍ക്ക് വീതം വച്ച്‌ നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം, പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കിയ മറുപടിയിലൂടെ പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും പൊളിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
റാഫേല്‍ ഇടപാട് സംബന്ധിച്ച തെളിവുകള്‍ ഇപ്പോള്‍ എല്ലാവരുടെ മുന്നിലുമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കാന്‍ മോദി സഹായിച്ചുവെന്നത് വ്യക്തമാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന റാഫേല്‍ കരാര്‍ മാറ്റാന്‍ എപ്പോഴാണ് മോദി തീരുമാനിച്ചത്? ഇതില്‍ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ എതിര്‍പ്പ് പ്രകടിപ്പിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മോദി രാജ്യത്തോട് ഉത്തരം പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പൊതുഖജനാവില്‍ നിന്നെടുത്ത 30,000 കോടി രൂപ മോദി തന്റെ സുഹൃത്തായ അനില്‍ അംബാനിക്ക് കൊടുത്തതിന്റെ തെളിവുകള്‍ ഉടന്‍ തന്നെ രാജ്യത്തോട് വെളിപ്പെടുത്തും. ഇതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vadasheri Footer