Madhavam header
Above Pot

മൂവായിരം പെണ്‍കുട്ടികളുടെ ചോദ്യം നേരിടാന്‍ മോദിക്ക് ധൈര്യമുണ്ടോ? രാഹുൽ ഗാന്ധി

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പ്. രാവിലെ 11-ന് ചെന്നൈയിലെത്തിയ രാഹുല്‍ സ്റ്റെല്ലാ മാരീസ് കോളേജിലെ പരിപാടിയിലാണ് ആദ്യം പങ്കെടുത്തത്. കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിച്ച രാഹുല്‍ തന്നെ സര്‍ എന്ന് വിളിച്ച വിദ്യാര്‍ത്ഥിനിയോട് എന്നെ രാഹുല്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടത് വേദിയെ കരഘോഷത്തിലാഴ്ത്തി.

സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി സര്‍ക്കാരിനേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധനത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ഒന്നിച്ചുള്ള മറുപടി.

Astrologer

റോബര്‍ട്ട് വദ്രക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായി പറഞ്ഞ ആളാണ് ഞാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അന്വേഷണം വേണം. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. അത് പ്രത്യേകം തിരഞ്ഞെടുത്തവര്‍ക്കെതിരെ മാത്രമായി ഉപയോഗിക്കരുത്. പാര്‍ലമെന്റില്‍ വെച്ച് പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിച്ച തന്റെ നടപടി ആത്മാര്‍ഥമായ സ്‌നേഹത്തോടെയായിരുന്നുവെന്നും സംവദത്തിനിടെ രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെറുപ്പില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. വലിയ പാഠങ്ങൾ നൽകുന്ന ആളുകളെ ആരെങ്കിലും വെറുക്കുമോ, തനിക്ക് മോദിയെ വെറുക്കാൻ കഴിയില്ല. മോദിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ലോകത്തിന്റെ സൗന്ദര്യം കാണാൻ മോദിക്ക് കഴിയുന്നില്ലെന്ന് പാർലമെന്‍റിലെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് മനസ്സിലായി. കുറഞ്ഞത് എന്‍റെ സ്നേഹമെങ്കിലും അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്നും പാര്‍ലമെന്‍റിലെ ‘വൈറല്‍’ രംഗത്തെ കുറിച്ച് രാഹുല്‍ പ്രതികരിച്ചു. 2014 ലെ തോൽവി വലിയ പാഠം ആയിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

വടക്കേ ഇന്ത്യയുടെ വികസനത്തിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ സ്ഥിതി മാറണം. അഴിമതിയും മാറ്റമില്ലാത്ത മുതലാളിത്ത സമ്പ്രദായവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. കശ്മീർ പ്രശ്നത്തിലും ഭീകരതയ്ക്ക് എതിരായ നീക്കത്തിലും വ്യവസ്ഥാപിതവും തന്ത്രപരവുമായ സമീപനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ നരേന്ദ്രമോദി സർക്കാരിന്‍റെ സമീപനം പരാജയമാണ്. ജമ്മു കശ്മീരിൽ വാജ്പേയി സർക്കാർ നടപ്പാക്കിയ നയങ്ങൾ പ്രശ്നങ്ങൾ സങ്കീർണമാകാനേ വഴിവച്ചിട്ടുള്ളൂ എന്നും രാഹുൽ പറഞ്ഞു.

താനിപ്പോൾ ചെയ്യുന്നത് പോലെ മൂവായിരം പെൺകുട്ടികളുടെ എല്ലാ ചോദ്യങ്ങളും നേരിട്ട് അവരുടെ മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം മോദിക്കില്ലെന്ന് രാഹുല്‍ പരിഹസിച്ചു. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ മിടുക്കരെന്നാണ് താന്‍ കരുതുന്നത്.

സ്ഥിരം വേഷമായ വെള്ള കുര്‍ത്തയില്‍നിന്ന് മാറി കാഷ്വല്‍ വസ്ത്രത്തിലായിരുന്നു രാഹുല്‍ സംവാദത്തിനെത്തിയത്. തീര്‍ത്തും അവര്‍ക്കിടയിലൊരാളായി തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞും ചോദ്യങ്ങളുന്നയിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രചോദനം നല്‍കുന്നതുമായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ള സഖ്യകക്ഷി നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.

Vadasheri Footer