കോവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റുകളിൽ സംവരണം : കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ കോവിഡ് പോരാളികളുടെ മക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2020 – 21 അധ്യയന വര്‍ഷത്തില്‍ രണ്ട് കോഴ്‌സുകളിലേക്കും കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ 'കോവിഡ് പോരാളികളുടെ മക്കള്‍' എന്ന പുതിയ വിഭാഗംകൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. 'കോവിഡ് പോരാളികളുടെ ആശ്രിതര്‍' എന്ന പേരിലാവും പുതിയ വിഭാഗമെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
പുതിയ വിഭാഗത്തിനുവേണ്ടി കേന്ദ്ര പൂളില്‍നിന്നുള്ള അഞ്ച് സീറ്റുകള്‍ മാറ്റിവെക്കുമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കോവിഡ് രോഗികളെ പരിചരിച്ച എല്ലാവര്‍ക്കും അര്‍ഹമായ അംഗീകാരം നല്‍കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് ബാധിതരെ പരിചരിക്കുന്നതിനിടെ കോവിഡ് ബാധിച്ച് മരിക്കുകയോ കോവിഡ് ഡ്യൂട്ടിക്കിടെ അത്യാഹിതത്തില്‍ മരിക്കുകയോ ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് വേണ്ടിയാവും കേന്ദ്ര പൂളിലുള്ള എംബിബിഎസ് സീറ്റുകള്‍ മാറ്റിവെക്കുക.
പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളുമായി നേരിട്ട് ഇടപഴകുകയും അവരെ പരിചരിക്കുകയും ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വോളന്റിയര്‍മാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയോ, കരാര്‍ അടിസ്ഥാനത്തില്‍ ഉള്ളതോ, ദിവസ വേതനത്തില്‍ ജോലിചെയ്യുന്നതോ, താത്കാലിക അടിസ്ഥാനത്തിലോ ഉള്ള സംസ്ഥാന – കേന്ദ്ര ആശുപത്രി ജീവനക്കാര്‍, സ്വയംഭരണാധികാരമുള്ള ആശുപത്രി ജീവനക്കാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ എയിംസിലെയോ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച ജീവനക്കാര്‍ എന്നിവരെയ്യാം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍വചനത്തില്‍ ഉള്‍പ്പെടും.
എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് പുതിയ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യത പരിശോധിച്ച് ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനമോ, കേന്ദ്ര ഭരണ പ്രദേശമോ ആണ്. നീറ്റ് 2020 റാങ്കിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍നിന്ന് മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റിയാവും യോഗ്യരായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക.
രാജ്യത്ത് 45,576 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് രോഗികളുടെ ആകെ എണ്ണം 89.58 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. 83.83 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയര്‍ന്നു. അതിനിടെയാണ് കോവിഡ് പോരാളികള്‍ക്ക് അംഗീകാരം നല്‍കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.