ക്വാറി ഉടമകൾക്ക് വീണ്ടും തിരിച്ചടി, പാറമടകൾക്ക് ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലം
ന്യൂഡൽഹി: ജനവാസ കേന്ദ്രങ്ങളിൽനിന്ന് പാറമടകൾക്ക് ചുരുങ്ങിയത് 200 മീറ്റർ അകലം വേണമെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയോട് എതിർപ്പുള്ളവർ ട്രൈബ്യൂണലിനെത്തന്നെ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഈ ദൂരപരിധി പുതിയ ക്വാറികൾക്ക് മാത്രമാണ് ബാധകമാവുകയെന്ന ൈഹകോടതി വിധിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.സ്വമേധയാ കേസെടുത്ത് വിഷയത്തിൽ വിധിപറയാനുള്ള ട്രൈബ്യൂണലിെൻറ അധികാരം ചോദ്യംചെയ്യുന്ന ക്വാറി ഉടമകളുടെയും മറ്റും ഒരുകൂട്ടം അപ്പീൽ തീർപ്പാക്കുകയായിരുന്നു സുപ്രീംകോടതി.
കത്ത്, മാധ്യമ വാർത്തകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് കോടതി നേരേത്ത വ്യക്തമാക്കിയിരുന്നു. താമസകേന്ദ്രങ്ങളിൽനിന്ന് 50 മീറ്റർ അകലെ പാറമട പ്രവർത്തിപ്പിക്കാമെന്ന വ്യവസ്ഥയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് മാറ്റിയത്. 200 മീറ്ററെങ്കിലും അകലം വേണമെന്ന് വിധിച്ചു. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈകോടതിയെ സമീപിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ടെന്നാണ് ഹൈകോടതി വിധിച്ചത്.
നിലവിലെ ക്വാറികൾക്ക് ലൈസൻസ് കാലാവധി തീരുംവരെ പ്രവർത്തനം തുടരാമെന്നും പുതിയവക്ക് മാത്രമാണ് 200 മീറ്റർ ദൂരപരിധി ബാധകമാവുകയെന്നും ഹൈകോടതി വിധിച്ചു. തുടർന്നാണ് ട്രൈബ്യൂണലിെൻറ അധികാരം ചോദ്യംചെയ്ത് ക്വാറി ഉടമകളും പാറമട പാട്ടത്തിന് എടുത്തവരും സുപ്രീംകോടതിയിൽ എത്തിയത്. ക്വാറിയുടെ ദൂരപരിധി അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാനമല്ലെങ്കിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്ന വാദം അദാനി വിഴിഞ്ഞം പോർട്ട് കോടതിയിൽ നടത്തി. അതും ട്രൈബ്യൂണലിൽ വാദിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി