പുതുപ്പള്ളിയില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിനു പിന്നാലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ജനപ്രതിനിധിയുടെ ഒഴിവു വന്നതായി നിയമസഭ വിജ്ഞാപനമിറക്കി. ഇതിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതോടെ 6 മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണു പതിവ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെത്തുടർന്നു നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ഭാര്യ ഉമ തോമസ് 25,015 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു.
കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാണ് പുതുപ്പള്ളി. 1970 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് വോട്ടു ചെയ്തവരുടെ മക്കളും പേരക്കുട്ടികളും അവരുടെ മക്കളും പിന്നീട് ഒരു തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഓരോ മനുഷ്യന്റെയും പ്രതീക്ഷയായി ഉമ്മന്‍ചാണ്ടി എന്നും നിലകൊണ്ടു.
എത്ര തിരക്കുകൾക്കിടയിലും ഞായറാഴ്ചകളില്‍ അദ്ദേഹം പുതുപ്പള്ളിയിലെ തന്റെ വീട്ടിലുണ്ടാവും. ആവശ്യങ്ങളുമായി ജനക്കൂട്ടവും. ആ സ്നേഹബന്ധത്തിന്റെ കരുത്തിൽ 12 തവണയാണ് പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത് കോട്ടയം താലൂക്കിലെ പുതുപ്പള്ളി,അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം എന്നിങ്ങനെ എട്ട് ഗ്രാമ പഞ്ചായത്തുകൾ ചേര്‍ന്ന മണ്ഡലമാണ് പുതുപ്പള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആത്മഹത്യാ ഭീഷണി മുഴക്കിയതും വലിയ വാർത്തയായിരുന്നു .
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് വിലയിരുത്തി സി പി എം ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മുന്നില്‍ കണ്ട് ഒരുക്കം തുടങ്ങാൻ സി പി എം സെക്രട്ടേറിയറ്റി ധാരണയായിട്ടുണ്ട്. പി ബി, സി സി യോഗങ്ങൾക്ക് ശേഷം ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ധാരണ. രാജസ്ഥാൻ മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ ഒക്ടോബറിൽ ഉണ്ടാകുമെന്നും ഈ കൂട്ടത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമാണ് സി പി എമ്മിന്‍റെ വിലയിരുത്തൽ
.