എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ കബറടക്കം നടത്തി , ഒഴുകിയെത്തിയത് ആയിരങ്ങൾ
ചാവക്കാട് : പുന്നയിൽ എസ് ഡി പി ഐ ക്കാരുടെ വെട്ടേറ്റു കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ പരേതനായ മൊയ്‌ദീൻ കുഞ്ഞി യുടെ മകൻ നൗഷാദിന്റെ മൃതദേഹം കബറടക്കി. രാത്രി പത്ത് മണിയോടെ പുന്ന ജുമാ മസ്ജിദിൽ ആയിരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകൾ നടന്നത്. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, ടി.എം പ്രതാപൻ എം.പി,എം.എൽ.എമാരായ അനിൽ അക്കര ,വി ടി ബലറാം . കെ പി സി സി സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ , മഹിളാകോൺഗ്രസ് പ്രസിഡന്റ് ലതിക സുഭാഷ് , ജില്ലയിലെ മുഴുവൻ കോൺഗ്രസ് നേതാക്കളും അന്ത്യോപചാരം അർപ്പിക്കാനായി എത്തിയിരുന്നു .
പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായി ഉച്ചതിരിഞ്ഞ് മൂന്നിന് തൃശൂർ നിന്നും മൃതദേഹം വഹിച്ച് പുന്നയിലേക്ക് പുറപ്പെട്ട ആംബുലൻസിനൊപ്പം നൂറു കണക്കിന് ബൈക്കുകളിലും മറ്റു വാഹനങ്ങളിലുമായി പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും അനുഗമിച്ചു. കേച്ചേരി ചൂണ്ടൽ തൈക്കാട് ചാവക്കാട് എന്നിവിടങ്ങളിൽ പൊതുദർശനത്തിനു വെച്ച മൃതദേഹം അവസാനമായി ഒരു നോക്കു കാണാൻ വൻ ജനാവലിയാണ് എത്തിയിരുന്നത്.
മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാളെ രാവിലെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തും . വൈകീട്ട് പുന്നയിൽ നിന്ന് ചാവക്കാട്ടേക്ക് മൗന ജാഥ നടത്തും തുടർന്ന് അനുശോചന യോഗം ചേരും .
കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്താൻ ദിവസങ്ങൾ നീണ്ട ഗൂഢാലോചന
നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ആരോപിച്ചു. കോൺഗ്രസിന്റെ സ്വാധീന മേഖലയിൽ എസ് ഡി പി ഐ യുടെ വളർച്ചക്ക് വിഘാതമായി നൗഷാദ് നിൽക്കുന്നത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും .കൊലപാതകം നടത്തി പരിചയമുള്ള സംഘംതന്നെയാണ് കൃത്യം നടത്തിയിട്ടുള്ളതെന്നും ഗോപ പ്രതാപൻ ആരോപിച്ചു
അതേസമയം പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട് .തൃശൂർ പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ചാവക്കാട് ക്യമ്പ് ചെയ്ത് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുനുണ്ട് . സംഭാവത്തോടനുബന്ധിച്ച് ഏഴു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ സമൂഹ മാധ്യമത്തിലൂടെ നൗഷാദിനെതീരെ കൊലവിളി നടത്തിയ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട് .
ചൊവ്വാഴ്ച വൈകീട്ട് ആറരക്ക് പുന്ന സെന്ററിലെ ഗ്രൗണ്ടിലെ ഷെഡ്ഡില്‍ സംസാരിച്ചു നില്‍ക്കുമ്പോഴാണ് കൊടുവാളുകളുമായി ഏഴ് ബൈക്കുകളിലെത്തിയ 14 അംഗ സംഘം ഇവരെ വെട്ടിയത്.നൗഷാദിനെ കൂടാതെ കാവീട് തെക്കേപുരയ്ക്കല്‍ ബിജേഷ്(40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), പുന്ന അയിനിപ്പുള്ളി സുരേഷ്(38) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ബിജേഷ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ് . ബുധനാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പുന്ന സെന്റില്‍ പരിശോധന നടത്തി. കുന്നംകുളം എ.സി.പി. ടി.എസ്.സിനോജ്, ഗുരുവായൂർ എ സി പി ചാവക്കാട് എസ്.എച്ച്.ഒ. ജി. ഗോപകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. പരേതനായ മൊയ്‌ദീൻ കുഞ്ഞി യുടെ മകനാണ് നൗഷാദ് .സെബീനയാണ് ഭാര്യ.മാതാവ്.സൈനബ.മക്കള്‍: ദിഖ്‌റ നഹറിന്‍,അമന്‍ സിയാന്‍,ഇഷല്‍ ഫാത്തിമ.