
പൾസർ സുനിയടക്കം ആറു പേർക്ക് 20വർഷ കഠിന തടവ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രതികള്‍ക്ക് അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷനലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.

ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്


