പുല്ല് വെട്ട് യന്ത്രം കൊണ്ടുപോകാൻ നോക്കുകൂലി വേണമെന്ന് സി ഐ റ്റി യു

തൃശൂര്‍: ഒല്ലൂരില്‍ എത്തിച്ച പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകുന്നത് തടഞ്ഞ് സിഐടിയു പ്രവര്‍ത്തകര്‍ .അറുപത്തിയഞ്ച് കിലോ ഭാരമുള്ള യന്ത്രം ഏറ്റെടുക്കാന്‍ കയറ്റിറക്ക് കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞത്. ഉടമയ്ക്ക് ഒറ്റയ്ക്ക് കാറില്‍ കൊണ്ടുപോകാന്‍ പറ്റുന്നതാണ് യന്ത്രം.

ഉത്തേരന്ത്യയില്‍ നിന്ന് തൃശൂര്‍ സ്വദേശി ജിതിന്‍ ഓണ്‍ലൈനായി വരുത്തിയ പുല്ലുവെട്ടുയന്ത്രമാണ് സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. ഡെലിവറി ചാര്‍ജ് ഉള്‍പ്പെടെ അടച്ചതാണ് യന്ത്രം കൊണ്ടുവന്നതെന്ന് ജിതിന്‍ പറയുന്നു.

പതിനഞ്ചു പേര്‍ അടങ്ങിയ സംഘമാണ് തടഞ്ഞതെന്ന് ജിതിന്‍ പറഞ്ഞു. യന്ത്രം കൊണ്ടു പോകാൻ മണിക്കൂറുകളോളം ജിതിൻ കാത്തുനിന്നു. പിന്നീട് ഒല്ലൂര്‍ പൊലീസ് എത്തി യൂണിയന്‍കാരുമായി ചര്‍ച്ച നടത്തി. ശേഷം, സിഐടിയുക്കാര്‍ യന്ത്രം കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.