പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ. രാജന്‍
തൃശൂർ : സാംസ്‌കാരിക നഗരിയുടെ തനത് കലാരൂപമായ പുലിക്കളിയുടെ സംരക്ഷണത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജില്ലയുടെ കലാമുഖം എന്ന നിലയില്‍ പുലിക്കളിയെ അവതരിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ കൈക്കൊള്ളും. ഉത്സവങ്ങളില്‍ മാത്രമായി ഒതുങ്ങാതെ ദേശീയശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ ഈ കലാരൂപത്തെ സംരക്ഷിക്കാന്‍ ഒരു സ്ഥിരം സംവിധാനം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
പുലിക്കളിയെന്ന കലാരൂപവും കലാകാരന്‍മാരും നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ആ മേഖലയിലുള്ളവരുമായി ചര്‍ച്ച ചെയ്ത് മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുലിക്കളി കലാരൂപത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.
കലയുടെയും കലാകാരന്റെയും ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി കലാകാരന്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ഇടപെടലുകളും നടത്തുമെന്നും മന്ത്രി പറഞ്ഞു.