പോയത് മധ്യസ്ഥ ചര്‍ച്ചയ്ക്ക്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പം: പി.ടി തോമസ്

">

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശീദകരണവുമായി പി.ടി തോമസ് എം.എല്‍.എ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്റെ കുടികിടപ്പ് തര്‍ക്കത്തിലാണ് താന്‍ ഇടപെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. ദിനേശന്റെ മകനും തന്റെ മുന്‍ഡ്രൈവറുമായ രാജശേഖരന്റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെടല്‍. നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെയാണ് സഹായിച്ചത്. കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥചര്‍ച്ച നടത്തിയത്. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ?- അദ്ദേഹം ചോദിച്ചു.

വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ്പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ ഇന്നലെ ഒപ്പമുണ്ടായിരുന്നു. അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.,/p>

‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. ഞാന്‍ ഓഫീസിലെത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നയാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ – പി.ടി തോമസ് പറഞ്ഞു.

ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. പുറമ്പോക്ക് ഭൂമി വില്‍പ്പന നടത്താനായിരുന്നു ശ്രമം എന്നും ആക്ഷേപമുണ്ട്. ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors