കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിങ് ഓഫീസർക്കെതിരെ നടപടി എടുക്കണം
ഗുരുവായൂര്‍ : ചാവക്കാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ചു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൂട്ട് നിന്ന പ്രിസൈഡിങ് ഓഫീസർക്കെതിരെ സംസ്ഥാന സഹകരണ വകുപ്പിന് പരാതി നൽകുമെന്ന് ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ ടി എസ് അജിത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എല്ലാവിധ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് ബ്ളോക് പ്രസിഡന്റ് കൂടിയായ മുൻ ബാങ്ക് പ്രസിഡന്റ് പുതിയ ബാങ്ക് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത് .
ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഡയറക്ടര്‍മാരായ ടി.വി.കൃഷ്ണദാസ്,എച്ച്.എ.ഷാജഹാന്‍ എന്നിവർ ആരോപിച്ചു . പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഭരണസമിതിയുടെ യോഗം വിളിക്കാനുള്ള അധികാരം ഡി.സി.സി.പ്രസിഡന്റിനാണ്.എന്നാല്‍ ഇതുസംബന്ധിച്ച് ഡി.സി.സി.യെ അറിയിക്കുകയോ യോഗം വിളിക്കണമെന്ന് രേഖാമൂലം അറിയിക്കുകയോ ചെയ്തിട്ടില്ല .
പാർട്ടിയെ തകർക്കുന്ന ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപനെതിരേ അച്ചടക്ക നടപടി വേണമെന്ന് ഡി.സി.സി.ഭാരവാഹികളും ബാങ്ക് ഡയറക്ടര്‍മാരും വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡി സി സി എ.എം.അലാവുദ്ദീന്‍,ബാങ്ക് ഡയറക്ടര്‍മാരായ ടി.വി.കൃഷ്ണദാസ്,എച്ച്.എ.ഷാജഹാന്‍,കൗണ്‍സിലര്‍ കെ.പി.എ.റഷീദ് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.