പ്രവാസി ഡിവിഡന്റ് ക്ഷേമ പദ്ധതി ഉദ്ഘാടനം ഡിസംബർ 14 ന്
തൃശൂര്‍ : പ്രവാസികളുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമത്തിന് പ്രവാസി ഡിവിഡന്റ് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 14 ന് വൈകീട്ട് 5 മണിക്ക് തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ജീവിതാവസാനം വരെ നിശ്ചിത മാസവരുമാനം ലഭ്യമാക്കുന്നതാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. 3 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ കേരളീയരായ പ്രവാസികളിൽ നിന്നും സ്വീകരിക്കും. ഇത് സർക്കാർ ഏജൻസിയായ കിഫ്ബിക്ക് കൈമാറും. 18 വയസ്സ് മുതൽ പ്രായപരിധി ഇല്ലാതെ അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്തവർക്കുൾപ്പെടെ ഇതിന്റെ ഭാഗമാകാം.
നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും പ്രതിമാസ ഡിവിഡന്റ് തുക വിതരണം ചെയ്യുന്നതും കേരള പ്രവാസി വെൽഫെയർ ബോർഡാണ്. കൈമാറ്റം ചെയ്യപ്പെടുന്ന തുകക്ക് കിഫ്ബി നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്തുകൊണ്ട് നിക്ഷേപകർക്ക് 10% ഡിവിഡന്റ് നൽകും. നിക്ഷേപ തീയതി മുതൽ 3 വർഷം കഴിയുമ്പോൾ നിക്ഷേപകന് പ്രതിമാസ ഡിവിഡന്റ് ലഭ്യമാകും. ഈ മൂന്നു വർഷങ്ങളിലെ 10% ഡിവിഡന്റ് നിക്ഷേപ തുകയോട് കൂട്ടിച്ചേർക്കും. ഈ തുകയുടെ 10% നിരക്കിലുള്ള ഡിവിഡന്റ് 4 ആം വർഷം മുതൽ നിക്ഷേപകനും തുടർന്ന് പങ്കാളിക്കും ലഭിക്കും. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപ തുകയും ആദ്യ 3 വർഷത്തെ ഡിവിഡന്റും നോമിനിക്ക് കൈമാറുന്നതോടെ പ്രതിമാസ ഡിവിഡന്റ് നൽകുന്നത് അവസാനിക്കും.
നിക്ഷേപകന്റെയോ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുടെയോ ജീവിതകാലത്ത് നിക്ഷേപ തുക പിൻവലിക്കാൻ സാധിക്കില്ല. കേരള ഗവണ്മെന്റിന് ദീർഘകാലാടിസ്ഥാനത്തിൽ വികസന പ്രവർത്തങ്ങൾക്ക് ഈ തുക ഉപയോഗിക്കാൻ കഴിയും. പ്രവാസി ഡിവിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 8078550515 എന്ന നമ്പറിൽ ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ടി എം തോമസ് ഐസക്, വി എസ് സുനിൽകുമാർ, എ സി മൊയ്തീൻ, പ്രൊ സി രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് പി ടി കുഞ്ഞു മുഹമ്മദ് അറിയിച്ചു. കേരള പ്രവാസി വെൽഫെയർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം രാധാകൃഷ്ണൻ, ഡയറക്ടർ കെ സി സജീവ് തൈക്കാട്, ഫിനാൻസ് മാനേജർ എസ് സതീഷ് കുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.