Madhavam header
Above Pot

പ്രതിഷേധങ്ങളെ തള്ളി സി പി എം , പൊന്നാനിയിൽ നന്ദകുമാർ തന്നെ സ്ഥാനാർഥി

പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിലെ പൊന്നാനി സീറ്റ് വിഷയത്തില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പാര്‍ട്ടി നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ല നേതൃത്വം വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്ന് സിപിഐഎം അറിയിച്ചു. നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Astrologer

പ്രാദേശികവികാരം തള്ളി ടിഎം സിദ്ധീഖിനെതിരായ നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. മുന്‍പ് ശ്രീരാമകൃഷ്ണന്‍ മത്സരിച്ചപ്പോഴും സമാനമായ സമ്മര്‍ദ്ദനം സിദ്ധീഖിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രതിഷേധം തണുപ്പിക്കാന്‍ കെടി ജലീലിനെ തവനൂരില്‍ നിന്ന് പൊന്നാനിയിലേക്ക് മാറ്റുമെന്ന പ്രചരണവും സിപിഐഎം തള്ളി.

അതെ സമയം സി.പി.എം പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ ജില്ല കമ്മിറ്റിക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു . മലപ്പുറത്ത് ഇരിക്കുന്നവർക്ക് പൊന്നാനിയെ കുറിച്ച് എന്ത് അറിയാമെന്ന് ഒരു വിഭാഗം നേതാക്കൾ ചോദിച്ചു. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ടി.എം. സിദ്ദീഖ് തന്നെ സ്ഥാനാർഥിയാകണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. യോഗത്തിൽ പങ്കെടുത്ത 24 പേരിൽ 20 പേരും സിദ്ധിക്കിനായി വാദിച്ചു

പ്രതിഷേധക്കാരെ ഭയന്ന് സിപിഎം യോഗം ഏരിയാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാവിന്റെ വീട്ടിലേക്ക് മാറ്റി. മാറഞ്ചേരി ലോക്കൽ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാർട്ടി ഓഫീസിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് യോഗം ഓഫീസിൽ നിന്ന് മാറ്റിയത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാർ, പ്രവർത്തകർ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

സിദ്ദിഖിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പൊട്ടിത്തെറിയെ തുടർന്ന് എരമംഗലം, പൊന്നാനി, വെളിയങ്കോട് ലോക്കല്‍ കമ്മിറ്റിയിലെ 12 പേര്‍ രാജിവച്ചിരുന്നു. 6 ബ്രാഞ്ച് സെക്രട്ടറിമാരും രാജിവച്ചു. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് വിശദീകരിക്കാനുള്ള നിയോജക മണ്ഡലം റിപ്പോര്‍ട്ടിങ് നടക്കാനിരിക്കേ ആയിരുന്നു കൂട്ടരാജി

പ്രവർത്തകരുടെ ജീവിതാനുഭവങ്ങളിൽ നിന്നുണ്ടായ പ്രതിഷേധമാണ് പൊന്നാനിയിലേതെന്ന് ടി.എം. സിദ്ദീഖ് നേരത്തെ പ്രതികരിക്കുകയുണ്ടായി. പ്രതിഷേധങ്ങൾ നിയന്ത്രിക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പൊന്നാനി ഏരിയ സെക്രട്ടറിയാണ് ടി.എം. സിദ്ദീഖ്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പോസ്റ്ററുകൾ വഴിയാണ് ആദ്യം പുറത്തെത്തിയത്. പി. ശ്രീരാമകൃഷ്ണനെ തന്നെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് മുകളിലാണ് ഈ പുതിയ പോസ്റ്ററുകൾ പതിച്ചത്. ഇമ്പിച്ചിബാവയ്ക്ക് ശേഷം പൊന്നാനിക്കാരനായ സ്ഥാനാര്‍ഥി വേണമെന്നായിരുന്നു ആവശ്യം.

പോസ്റ്ററിൽ നിന്ന് തുടങ്ങിയ പ്രതിഷേധം തെരുവിൽ അണപൊട്ടുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അഞ്ഞൂറോളം പാർട്ടി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും എന്ന ബാനറാണ് ഇവർ ഉയർത്തിപ്പിടിച്ചിരുന്നത്. ഇന്നത്തെ സി.പി.എം യോഗത്തിലും പ്രതിഷേധക്കാരെ അനുനയിപ്പിക്കാനായില്ല.

Vadasheri Footer