Madhavam header
Above Pot

കൊവിഡ്, രാജ്യത്തെ പ്രതിദിന കേസുകളിൽ നേരിയ വർധന ,മരണസംഖ്യ 1330 ആയി കുറഞ്ഞു

ദില്ലി: രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ നേരിയ വർധന. 24 മണിക്കൂറിനിടെ 67500 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 1330 ആയി കുറഞ്ഞു. രാജ്യത്ത് ഒരു മാസത്തിനിടെ കൊവിഡ് കേസുകളിൽ 85 ശതമാനം കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനമാണ്. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു.

Astrologer

അതേസമയം, രണ്ടാം തരംഗം ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും ഗുരുതരമായി ബാധിച്ചെന്ന് ഐസിഎംആർ പഠനം കണ്ടെത്തി. രാജ്യത്ത് കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ കൂടുതൽ ഗർഭിണകളും മുലയൂട്ടുന്ന അമ്മമാരും മരിച്ചെന്നാണ് ഐസിഎംആർ പഠനം കണ്ടെത്തിയത്. ആകെ രോഗം ബാധിക്കുന്നവരിൽ എത്ര പേർ മരിക്കുന്നുവെന്ന കണക്കാണ് രോഗ മരണ നിരക്ക് സൂചിപ്പിക്കുന്നത്. ആദ്യ തരംഗത്തിൽ 0.75 ശതമാനം ആയിരുന്നു ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇടയിലുള്ള രോഗ മരണ നിരക്ക്. രണ്ടാം തരംഗത്തിൽ ഇത് 5.7 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിച്ച 4000 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഗർഭിണികളിലെ വാക്സിനേഷൻ തുടങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരോഗ്യ മന്ത്രാലയം ഇപ്പോഴും തുടരുകയാണ്.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ കൊവിഡിൻ്റെ മൂന്നാം തരംഗമുണ്ടാകുമെന്നാണ് മഹാരാഷ്ട്ര സർക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മൂന്നാം തരംഗത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോക്ടർമാരുടെ സംഘമാണ് മുന്നറിയിപ്പ് നൽകിയത്. കൊവിഡിൻ്റെ ഏറ്റവും പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് രണ്ട് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിനിടയാക്കുമെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് രണ്ടാം തരംഗം ഏറ്റവുമാദ്യം ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒന്നാം തരംഗത്തേക്കാൾ ഇരട്ടി പേർക്കാണ് മഹാരാഷ്ട്രയിൽ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചത്. ഇനിയൊരു തരംഗമുണ്ടായാൽ രോഗികളുടെ എണ്ണം ഇതിലും കൂടുമെന്നാണ് മുന്നറിയിപ്പ്. രോഗം ബാധിക്കുന്നതിൽ പത്ത് ശതമാനം കുട്ടികളായിരിക്കുമെന്നും സംസ്ഥാന സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസത്തിനുള്ളിൽ പരമാവധി പേർക്ക് വാക്സീൻ നൽകാനാണ് ശ്രമമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

Vadasheri Footer