കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു
ദില്ലി: കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ചു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്യും.
മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ് പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കാതെ താക്കീത് നൽകി വിട്ടയക്കണം എന്ന അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ ആവശ്യം പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും ശിക്ഷ ഒരു രൂപ എന്ന പിഴയിൽ ഒതുക്കിയാണ് സുപ്രീംകോടതി വിധി.
മാപ്പുപറയില്ല എന്ന പ്രശാന്ത് ഭൂഷണിന്‍റെ വിശദീകരണം കോടതി പരിശോധിക്കും മുമ്പേ മാധ്യമങ്ങൾക്ക് കിട്ടി. അതിലൂടെ വീണ്ടും കോടതിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഭൂഷണ്‍ ശ്രമിച്ചതെന്ന് വിധിയിൽ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചില ജഡ്ജിമാര്‍ മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത് അപ്രസക്തമാണ്. ജഡ്ജിമാര്‍ മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കണം. ജഡ്ജിമാര‍്ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കാൻ സുപ്രീംകോടതിയിൽ ആഭ്യന്തര സംവിധാനമുണ്ട്. പൊതുവേദിയിൽ ഉന്നയിച്ച് കോടതിയെ ആകെ സംശയത്തിന്‍റെ നിഴലിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ഒരു ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് കോടതിക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കൊവിഡ് കാലത്ത് ഒരു ബി.ജെ.പി നേതാവിന്‍റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ മാസ്കും ഹെൽമറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു എന്ന പരാമര്‍ശം നടത്തിയതിനാണ് പ്രശാന്ത് ഭൂഷണിനെതതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്തത്. ട്വിറ്റര്‍ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. പുനഃപരിശോധന ഹര്‍ജി നൽകാനുള്ള അവകാശം അംഗീകരിച്ച് ശിക്ഷ വിധിക്കുന്നത് മാറ്റിവെക്കണമെന്ന പ്രശാന്ത് ഭൂഷണിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. കോടതി വിധി ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷണ്‍ പുനഃപരിശോധന ഹര്‍ജി നൽകിയാൽ അതിലെ തീരുമാനത്തിന് ശേഷമേ ശിക്ഷ നടപ്പാക്കൂ എന്ന് നേരത്തെ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തൽക്കാലം ഒരു രൂപ പിഴ അടക്കാതെ പുനഃപരിശോധന ഹര്‍ജി നൽകാനുള്ള അവസരം പ്രശാന്ത് ഭൂഷണിന് മുമ്പിലുണ്ട്.