പൂക്കോട് സര്‍വകലാശാല വി സി ഡോക്ടര്‍ പി സി ശശീന്ദ്രന്‍ രാജിവച്ചു
കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ചു. ഡോക്ടര്‍ പി സി ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ നിയമിച്ച വൈസ് ചാന്‍സലര്‍ ആണ് രാജിക്കത്ത് കൈമാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വൈസ് ചാന്‍സലര്‍ കത്തില്‍ പറയുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തിനു പിന്നാലെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്ത വിസിയുടെ നടപടിയില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.
നിയമോപദേശം തേടിയതിന് ശേഷം മാത്രമേ ആന്റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്നിരിക്കെയായിരുന്നു ഇതൊന്നുമില്ലാതെ സസ്‌പെന്‍ഡ് ചെയ്ത 90 പേരില്‍ 33 പേര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കികൊണ്ട് വിസിയുടെ ഇടപെടലുണ്ടായത്. പിന്നാലെയാണ് വിസി യുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ നീക്കം.
അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് കുടുംബം. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.
കേസ് ഇതുവരെ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് കേരള സർക്കാർ ഉറപ്പ് നൽകിയതാണ്. ഇന്നുവരെ കേസ് സി.ബി.ഐക്ക് കൈമാറിയിട്ടില്ല. സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ സർവകലാശാല തിരിച്ചെടുത്തതും കാണുമ്പോൾ ഇത് തെളിവ് നശിപ്പിക്കുന്നത് പോലെയാണ് തോന്നുന്നത്. സി.ബി.ഐക്ക് കേസ് കൈമാറുന്നതിൽ എന്താണ് താമസമെന്നും അദ്ദേഹം ചോദിച്ചു.