
ഏകാദശി, പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ച് നവംബർ 20, 21, 22 തീയതികളിൽ ഗുരുവായൂർ നഗരത്തിലും ക്ഷേത്രപരിസരത്തും വൻ ഭക്തജനത്തിരക്കും വാഹനത്തിരക്കും പ്രതീക്ഷിക്കുന്നതിനാൽ, ക്രമസമാധാന പാലനത്തിനും സുഗമമായ ഗതാഗതത്തിനുമായി തൃശ്ശൂർ സിറ്റി പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ. നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്.

നഗരത്തെയും ക്ഷേത്രപരിസരത്തെയും 2 സോണുകളും 8 സെക്ടറുകളുമായി തിരിച്ചാണ് പോലീസ് വിന്യാസം നടത്തിയിരിക്കുന്നത്.
ഒരു അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP), 3 സർക്കിൾ ഇൻസ്പെക്ടർമാർ, 250 പോലീസ് ഉദ്യോഗസ്ഥർ, 60 സ്പെഷ്യൽ പോലീസ് ഓഫീസർമാർ (SPO), 30 കെ.എ.പി (KAP) ബറ്റാലിയൻ അംഗങ്ങൾ, 22 ആർ.ആർ.എഫ് (RRF) സേനാംഗങ്ങൾ എന്നിവർ സുരക്ഷാ ചുമതലയിലുണ്ടാകും.

അടിയന്തര സഹായങ്ങൾക്കും സുരക്ഷാ ഏകോപനത്തിനുമായി ക്ഷേത്രം കിഴക്കേനടയിൽ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്.
നവംബർ 20 മുതൽ 22 രാവിലെ 8:00 മണി വരെ രാത്രികാലങ്ങളിൽ ഉൾപ്പെടെ തുടർച്ചയായി ക്ഷേത്രദർശനം അനുവദിച്ചിരിക്കുന്നതിനാൽ അയ്യപ്പഭക്തന്മാർ ഉൾപ്പെടെയുള്ളവരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വവും ഗുരുവായൂർ മുനിസിപ്പാലിറ്റിയുമായി ചേർന്ന് പോലീസ് സംയുക്ത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം അയ്യപ്പഭക്തന്മാർക്കായി സജ്ജമാക്കിയിട്ടുള്ള പ്രത്യേക ക്യൂ സംവിധാനം കൃത്യമായി പാലിക്കേണ്ടതും പോലീസിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നീങ്ങേണ്ടതുമാണ്.
ഗുരുവായൂർ ഔട്ടർറിങ്ങും ഇന്നർറിങ്ങും മുഴുവൻ സമയവും കർശനമായി വൺവേ ആയിരിക്കും. തൃശ്ശൂർ ഭാഗത്തുനിന്നും മഞ്ജുളാൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ഘടികാരദിശയിൽ (Clockwise) പഴയ ബസ് സ്റ്റാൻഡ് പരിസരം വഴി പോകേണ്ടതാണ്. ഇന്നർറിങ്ങ് റോഡിൽ :വാഹനങ്ങൾ എതിർഘടികാരദിശയിൽ (Anti-clockwise) സഞ്ചരിക്കേണ്ടതാണ്.

ഗുരുവായൂരിലെത്തുന്ന വാഹനങ്ങൾ റോഡരികിലോ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലോ അലക്ഷ്യമായി പാർക്ക് ചെയ്യാൻ പാടുള്ളതല്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 15-ഓളം പ്രത്യേക പാർക്കിങ്ങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിങ്ങ് കേന്ദ്രങ്ങൾ അറിയാൻ: കേരള പോലീസിന്റെ ‘വഴികാട്ടി’ QR കോഡ് സ്കാൻ ചെയ്തോ https://tinyurl.com/Ekadashi2026 എന്ന ലിങ്ക് സന്ദർശിച്ചോ പാർക്കിങ്ങ് സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കാവുന്നതാണ്.
ടാക്സി വാഹനങ്ങളുടെ ഡ്രൈവർമാർ എപ്പോഴും വാഹനത്തിന് സമീപം തന്നെ ഉണ്ടായിരിക്കേണ്ടതാണ്.
സുഗമമായ ദർശനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി ഭക്തജനങ്ങളും വാഹനയാത്രക്കാരും പോലീസിന്റെ നിർദ്ദേശങ്ങളോട് പൂർണ്ണമായും സഹകരിക്കേണ്ടതാണ്.
