
പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ചാവക്കാട്: മാതാപിതാക്കളെയും സഹോദരനെയും കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും ആക്രമിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. പോലീസെത്തി വീട്ടുകാരെ രക്ഷിച്ചതിന്റെ വൈരാഗ്യത്തില്‍ പോലീസിനു നേരെ തിരിഞ്ഞ പ്രതി ചാവക്കാട് എസ്.ഐ. ശരത് സോമന്റെ കൈത്തണ്ടയില്‍ കത്തികൊണ്ട് കുത്തി. ഇരുമ്പുപൈപ്പുകൊണ്ടുള്ള ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. അരുണിന്റെ കൈവിരലിന്റെ അസ്ഥി ഒടിഞ്ഞു. ഒടുവില്‍ കൂടുതല്‍ പോലീസുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തു.

ചാവക്കാട് ദ്വാരക ബേബി റോഡ് ചക്കരവീട്ടില്‍ നിസാര്‍ അമീറാ(36)ണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബേബി റോഡിലുള്ള ഒരു വീട്ടില്‍ ഒരാള്‍ വീട്ടുകാരെ കത്തിവീശി ഉപദ്രവിക്കുന്നുവെന്ന് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമനും സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, റോബിന്‍സണ്‍ എന്നിവരും വീട്ടിലെത്തിയത്. കത്തിയുമായി മാതാപിതാക്കളായ അമീറിനെയും ഫാത്തിമയെയും സഹോദരന്‍ ഫെമീറിനെയും ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കീഴ്‌പ്പെടുത്തിയത്. എന്നാല്‍ വീട്ടുകാരെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചതിലുള്ള വിരോധത്തില്‍ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ശരത് സോമനെയും സിവില്‍ പോലീസ് ഓഫീസര്‍ അരുണിനേയും അപ്രതീക്ഷിതമായി സ്റ്റീല്‍ പൈപ്പുകൊണ്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

പിന്നീട് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി പ്രതിയെ കീഴ്‌പ്പെടുത്തി. വലതു കൈത്തണ്ടയില്‍ കുത്തേറ്റ എസ്‌ഐ ശരത് സോമനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയക്ക് വിധേയനാക്കി. കൈവിരലിന്റെ അസ്ഥിയൊടിഞ്ഞ സിപിഒ ടി.അരുണും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ ആക്രമണത്തില്‍ സഹോദരന്‍ ഫെമീറിനും പരിക്കേറ്റിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, അനീഷ്, പ്രദീപ്, ശിവപ്രസാദ്, റോബിന്‍സണ്‍, ഹരികൃഷ്ണന്‍ എന്നിവരും നാട്ടുകാരായ സുബൈര്‍, ഷഹ്വാന്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പ്രതി മയക്ക് മരുന്നിന് അടിമയാണ് എന്ന് നാട്ടുകാർ ആരോപിച്ചു