നടൻ ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ നീണ്ട റെയ്ഡ് പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ നടന്ന പരിശോധന പൂർത്തിയായി. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ, എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് പൂർത്തിയായത്. പരിശോധനയിൽ ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘമാണ് വൈകീട്ട് റെയ്ഡ് പൂർത്തിയാക്കിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി. കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാൻ വേണ്ടി ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി.

അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്

അതെ സമയം കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്ന് എഡിജിപി ശ്രീജിത്ത് അഭിപ്രായപ്പെട്ടു . ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ശ്രീജിത്ത് അവകാശപ്പെട്ടു.

ദിലീപിന്‍റെ അറസ്റ്റിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂർത്തിയായിട്ടുണ്ട്.