Madhavam header
Above Pot

ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക് , സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു

പാലാ : സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റസംഭവത്തില്‍ പൊലീസ് സംഘാടകരെ ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഏഴുപേരെയാണ് ചോദ്യം ചെയ്തത്. മേള നടത്തിപ്പിന് നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുക്കാത്തതെന്ത് , ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ കായികമേള പെരുമാറ്റച്ചട്ടം മറികടന്ന് നടത്തിയതെന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സംഘാടകര്‍ക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവമൂലം അപകടം വരുത്തിയതിന് 338ാംവകുപ്പുപ്രകാരമാണ് നിലവില്‍ കേസെടുത്തിട്ടുള്ളതെങ്കിലും ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാലപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നാണ് സൂചന.

മേളയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന നഗരസഭ വാദവും അന്വേഷണ പരിധിയില്‍ വരുമെന്ന് സി.ഐ വി.എ. സുരേഷ് പറഞ്ഞു. നഗരസഭയില്‍ സംഘാടകര്‍ കൊടുത്തിരുന്നതായി പറയപ്പെടുന്ന അപേക്ഷയുടെ പകര്‍പ്പ് ബുധനാഴ്ച പൊലീസ് ശേഖരിക്കും. മുനിസിപ്പല്‍ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും. സംഘാടകര്‍ക്കു ഗുരുതരമായ വീഴ്ച പറ്റിയെന്ന് രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. സംഘാടകരില്‍ ചിലരുടെ ഫോണ്‍ കാളുകളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥി അഫീല്‍ ജോണ്‍സന്റെ നില ഗുരുതരമായി തുടരുകയാണ്.

Vadasheri Footer