മഹാകവിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി.
തൃത്താല : വിടവാങ്ങിയ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കരിച്ചു. കുമരനെല്ലൂര്‍ ഗ്രാമത്തിലെ ദേവായനം വസതിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‍കരിച്ചത്. പ്രിയപത്നി ശ്രീദേവി അന്തര്‍ജനം അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്തായാണ് മഹാകവിയ്ക്കും ചിതയൊരുക്കിയത്. മൂത്ത മകന്‍ അക്കിത്തം വാസുദേവന്‍ നമ്പൂതിരി ചിതയ്ക്ക് തീ കൊളുത്തിപ്രിയപ്പെട്ട കവിക്ക് വിടനല്‍കാന്‍ നിരവധി പേരാണ് ദേവായനത്തിലേക്ക് എത്തിയത്.
ഒന്നരയ്ക്കു ശേഷം കുമരനെല്ലൂരിലെ വീട്ടില്‍ മന്ത്രി സി രവീന്ദ്രനാഥ്. തൃത്താല എംഎല്‍എ വിടി ബല്‍റാം എന്നിവര്‍ അടക്കം നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് നാല് മുപ്പതിനാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. ആചാരവെടിക്ക് പകരം ബ്യൂഗിള്‍ വായിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.55 നാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഓർമ്മയായത്. കഴിഞ്ഞ നാലു ദിവസമായി മൂത്രാശയ രോഗത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തത്തിന്‍റെ ആരോഗ്യനില രാത്രിയോടെ വഷളായി.
ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹം ഒരു മണിക്കൂറിലേറെ പൊതുദർശനത്തിനു വെച്ചു .ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീൻ, അഡ്വ. വി എസ് സുനിൽകുമാർ, ഗവ ചീഫ് വിപ്പ് അഡ്വ. കെ രാജൻ, മേയർ അജിത ജയരാജൻ, ടി എൻ പ്രതാപൻ എം.പി, ജില്ലാ കലക്ടർ എസ് ഷാനവാസ്, സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, മാടമ്പ് കുഞ്ഞിക്കുട്ടൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.