
രണ്ട് പോക്സോ കേസുകളിൽ 240 വർഷം ശിക്ഷ ലഭിച്ച ആൾക്ക് മറ്റൊരു പോക്സോ കേസിൽ തടവ്

ചാവക്കാട്: രണ്ടു പോക്‌സോ കേസുകളിലായി 240 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് മറ്റൊരു പോക്‌സോ കേസില്‍ വീണ്ടും ആറുവര്‍ഷം കഠിനതടവ് വിധിച്ചു. ഒരുമനയൂര്‍ മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ സജീവനെ(52)യാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറു വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.

പിഴ അടക്കാത്ത പക്ഷം നാല് മാസം കൂടി അധിക തടവ് അനുഭവിക്കണം. 12-കാരനെ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ശിക്ഷ. പിഴസംഖ്യ അതിജീവിതക്കു നല്‍കാനും ഉത്തരവായി. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് എസ്.ഐ. ആയിരുന്ന സെസില്‍ ക്രിസ്ത്യന്‍ രാജ് കേസിന്റ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ഇരയായ കുട്ടിയുടെ ഇളയ സഹോദരനേയും കൂട്ടുകാരനെയും ലൈംഗികമായി ഉപദ്രവിച്ച കേസുകളിലാണ് 130 വര്‍ഷവും 110 വര്‍ഷവും ഇതേ കോടതി ഇയാള്‍ക്ക് നേരത്തെ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി.
