വ്യാജ സ്വർണം പണയം വെച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ.
കുന്നംകുളം: പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വ്യാജ സ്വർണം പണയം വെച്ച് 11 ലക്ഷത്തിലധികം രൂപ തട്ടിയ ദമ്പതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വല്ലൂർ സ്വദേശികളായ മമ്മസ്രായിലത്ത് നസീഫ് (30), ഭാര്യ റിസ്വാന എന്നിവരെയാണ് എറണാംകുളത്ത് ഒളിവിൽ കഴിയുന്നതിനിടെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2019 ഡിസംബർ മുതൽ 2020 ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ഇവർ സ്വർണമാണെന്ന വ്യാജേന മുക്കുപണ്ടങ്ങൾ പണയം വെച്ച് പണം തട്ടിയത്.പ്രതികൾ വീണ്ടും ഒരേ പോലെയുള്ള സ്വർണം പണയം വെച്ചപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്പണയം വെച്ചത് വ്യാജ സ്വർണ്ണമാണെന്ന് സ്ഥാപനത്തിലെ ജീവനക്കാർക്ക് ബോധ്യമായത്.മറ്റു പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ വ്യാജ സ്വർണം പണയം വെച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും, ഇവർക്ക് പിന്നിൽ വൻ റാക്കറ്റുണ്ടോയെന്നും സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സബ്ബ് ഇൻസ്പെക്ടർമാരായ ഇ.ബാബു, വി.എസ്.സന്തോഷ്, എ.എസ്.ഐ.മാരായ പ്രേംജിത്ത്,ജിജോ ജോൺ, സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ്, സുമേഷ്, മെൽവിൻ,വിപിൻ, സുമം എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു.