
ആലപ്പുഴ: പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനുമടക്കം മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. കായംകുളം ചാരുംമൂട് ചുനക്കര ലീലായത്തിൽ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിലാണ് വിധി.ശശിധരപ്പണിക്കരുടെ മകൾ ശ്രീജമോൾ(36), ഇവരുടെ കാമുകൻ കായംകുളം കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ്(37), ഇയാളുടെ സുഹൃത്ത് നൂറനാട് പഴനിയൂർകോണം രതീഷ് ഭവനത്തിൽ രതീഷ് (36) എന്നിവരെയാണ് ശിക്ഷിച്ചത്.

ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി സി. എസ്. മോഹിത് ആണ് ശിക്ഷ വിധിച്ചത്.ശ്രീജമോളും റിയാസും തമ്മിൽ വളരെ കാലമായി പ്രണയത്തിലായിരുന്നു. ജോലി ആവശ്യാർത്ഥം റിയാസിന് വിദേശത്തേക്ക് പോകേണ്ടിവന്നതിനാൽ വിവാഹിതരാകാൻ കഴിഞ്ഞില്ല. ഇതിനിടയിൽ വീട്ടുകാരുടെ സമ്മർദ്ദത്തിൽ ശ്രീജ മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ശേഷവും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കിയ ഭർത്താവ് വിവാഹമോചനം നേടി.
സ്വന്തം വീട്ടിലെത്തിയ ശേഷവും ബന്ധം തുടർന്നത് ചോദ്യം ചെയ്ത പിതാവിനെ കാമുകനുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2013 ഫെബ്രുവരി 23 നായിരുന്നു സംഭവം അവധിക്ക് നാട്ടിലെത്തിയ റിയാസ് സുഹൃത്ത് രതീഷിനൊപ്പം ഫെബ്രുവരി 23 രാത്രി ശശിധരപ്പണിക്കരെ നൂറനാട് കരിങ്ങാ ലിപുഞ്ച ക്ക് സമീപം വിളിച്ചു വരുത്തി മദ്യത്തിൽ വിഷം കലർത്തി കുടിപ്പിച്ചു. മദ്യം ഛർദിച്ചതോടെ ശ്രമം പാളി ഇതോടെ ഇരുവരും ചേർന്ന് മർദിച്ച് പരിക്കേൽ പിച്ചു തുടർന്ന് തോർത്ത് മുണ്ടു ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചു . ശശിധരപ്പണിക്കാരുടേതു മുങ്ങി മരണ മാണെന്ന് കരുതിയിരുന്നെങ്കിലും പോസ്റ്റ് മാർട്ടം റിപ്പോർട്ട് ആണ് കൊലപാതകം ആണെന്ന് ഉറപ്പിച്ചത്
