പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്?: രാഹുൽ ഗാന്ധി
കണ്ണൂർ: നിരവധി അഴിമതി ആരോപണമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സി.ബി.ഐയും എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും ,ജയിലിൽ അടയ്ക്കാത്തതെന്നും രാഹുൽ ഗാന്ധി. കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ കാസർകോട്, കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
24 മണിക്കൂറും താൻ ബി.ജെ.പിയെ ആക്രമിക്കുമ്പോൾ ,കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ കിടക്കുകയാണ്. കേരള മുഖ്യമന്ത്രി അതിൽ നിന്ന് ഒഴിവാകുന്നു. മുഴുവൻ സമയവും തന്നെ ആക്രമിക്കുന്ന കേരള മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്. ബി.ജെ.പിക്കെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് പിണറായി വിജയൻ പറയുന്നു.എന്നാൽ, അദ്ദേഹത്തിനെതിരെ ബി.ജെ.പി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബി.ജെ.പിയെ ആക്രമിച്ചാൽ അവരുടെ പുറകെയായിരിക്കും അന്വേഷണ ഏജൻസികൾ. ബി.ജെ.പിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താമെന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. അതിനു താൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്.
മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ബി.ജെ.പി തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നു. ലോക്‌സഭാംഗത്വം എടുത്തുകളഞ്ഞു. ഇ.ഡി മണിക്കൂറുകൾ ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. അവരുടെ സൗജന്യമാണെങ്കിൽ ആ വൃത്തികെട്ട വീട് എനിക്കു വേണ്ട. ബി.ജെ.പിക്കെതിരേ നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ നിയമസഭാംഗത്വം എന്തു കൊണ്ടാണ് എടുത്തു കളയാത്തത്? എന്തു കൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്?
ഏക ഭാഷ അടിച്ചേൽപ്പിച്ച് ബി.ജെ.പി ഓരോ കേരളീയനെയും അപമാനിക്കുന്നു. കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസിലാക്കണം. വേദിയിലുണ്ടായിരുന്ന പൂച്ചെണ്ട് ഉയർത്തിക്കാട്ടി ഇന്ത്യയോട് ഉപമിച്ച രാഹുൽ ഗാന്ധി, ഒറ്റയ്ക്ക് നിൽക്കുന്നതിനെക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോഴെന്ന് വിശദമാക്കി. എന്നാൽ ഒരു കൂട്ടം പൂക്കളിൽ നിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആർ.എസ്.എസ് പറയുന്നത്. താൻ ഭാരതത്തിന്റെ ഹൃദയത്തിലൂടെ 4000 കിലോമീറ്റർ ദൂരമാണ് നടന്നത്. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും രാഹുൽ പറഞ്ഞു