
പിണറായി വിജയന് ഇ.ഡിയുടെ സമൻസ് .

കൊച്ചി : രാഷ്ട്രീയ കേരളത്തെ ഉലച്ച് സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഇ.ഡി സമൻസ് അയച്ചു. അടുത്തയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് സമൻസിൽ നിർദേശിച്ചിരിക്കുന്നത്.

വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ ചുവടുപിടിച്ച് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി രണ്ട് ഇ.സി.ഐ.ആറുകൾ (Enforcement Case Information Report) രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കകമാണ് സമൻസ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇ.ഡിയുടെ ഈ നീക്കം
വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റ്റിലൂടെ മാസംതോറും മൂന്നുലക്ഷത്തിലധികം രൂപ 2017 മുതൽ 2019 വരെ സി.എം.ആർ.എൽ. നൽകിയെന്നാണ് ഇ.ഡി. റിപ്പോർട്ട്. ഐ.ടി. ആൻഡ് മാർക്കറ്റിങ് കൺസൾട്ടൻസി എന്നനിലയിൽ ഇതേ കാലയളവിൽ വീണയ്ക്കും പ്രതിഫലം നൽകി. എല്ലാംകൂടി 3.28 കോടി രൂപയുടെ ഇടപാട്. പ്രത്യേകിച്ച് സേവനമൊന്നും നൽകാതെത്തന്നെ ഇത്രയധികം രൂപ വീണ കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയായാണെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇ.ഡിയുടെ റിപ്പോർട്ടിലാണ് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സിഎംആർഎൽ കമ്പനിയിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് വഴി കോടികളുടെ കൈക്കൂലിയും വ്യാജ പണമിടപാടുകളും നടത്തിയെന്ന ആരോപണത്തിലാണ് പ്രധാന അന്വേഷണം നടക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിജിലൻസും ഇ.ഡിയും ഒരുപോലെ അന്വേഷണ നടപടികൾ വേഗത്തിലാക്കിയത്.

വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യത്തിൽ വാദം കേൾക്കാൻ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ദസറ അവധി സമയത്ത് പ്രത്യേക ബെഞ്ച് ഹർജി പരിഗണിച്ചില്ലെങ്കിൽ 26ന് പിണറായി ഉൾപ്പെടെ നൽകിയ ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവരാണ് നിലവിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടി. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇന്ന് എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാൽ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മറ്റ് ജഡ്ജിമാരുടെ കൂടി സൗകര്യം കണക്കിലെടുത്ത് ഇത് സംബന്ധിച്ച തീരുമാനം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഥവാ അടുത്ത ആഴ്ച ഹർജി പരിഗണിച്ചില്ലെങ്കിൽ 26ന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
