ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞം ഫെബ്രുവരി ഒന്നുമുതല്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2019-ല്‍ നടന്ന രണ്ടാമത് അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന 2-ാം മഹാരുദ്ര യജ്ഞം 2021-ഫെബ്രുവരി ഒന്നുമുതല്‍ 11-ാം തിയ്യതി കൂടിയ ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുമെന്ന് പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും, ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുമാണ് മഹാരുദ്ര യജ്ഞം നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. ദിവസവും രാവിലെ 5-ന് യജ്ഞം ആരംഭിയ്ക്കും. 11-ദിവസവും മന്ത്രമുഖരിതമായ ചടങ്ങുകളോടെ ശ്രീരുദ്ര മന്ത്രം ജപിച്ച് 11-ാം ദിവസം 11-ദ്രവ്യങ്ങളാല്‍ വസോര്‍ദ്ധാരയോടെയാണ് ചടങ്ങിന് സമാപനമാകുന്നത്. യജ്ഞാചാര്യന്‍ കീഴേടം രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 11-ദിവസവും 11-യജ്ഞാചാര്യന്മാര്‍ 11-ഉരു ശ്രീരുദ്ര മന്ത്രം ജപിച്ചാണ് ദേവന് നേരിട്ട് അഭിഷേകം നടത്തുന്നത്.
നാളെ ബിംബശുദ്ധിയും, ഞായറഴ്ച കലശവും കഴിഞ്ഞാണ് ഒന്നുമുതല്‍ 11-ദിവസം നീണ്ടുനില്‍ക്കുന്ന 2-ാം മഹാരുദ്ര യജ്ഞത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പെരുന്തട്ട ശിവക്ഷേത്ര പരിപാലനസമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡണ്ട് കോങ്ങാട്ടില്‍ അരവിന്ദാക്ഷമേനോന്‍, സെക്രട്ടറി രാമകൃഷ്ണന്‍ ഇളയത്, ട്രഷറര്‍ സുധാകരന്‍ നമ്പ്യാര്‍, ഭരണസമിതി അംഗങ്ങളായ ജയറാം ആലുക്കല്‍, ഉഷ അച്ച്യുതന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.