Above Pot

സിനിമ മേഖലയിലെ പീഡന പരാതി , 7 അംഗ ഐ പി എസ് സംഘം അന്വേഷിക്കും

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ച് സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങളുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു.

എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി -, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാകുക. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് നടപടി.