Header 1 = sarovaram
Above Pot

പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത് : വിഡി സതീശന്‍

തിരുവനന്തപുരം: ചാന്‍സലര്‍ പദവി ഒഴിയാമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍  അയച്ച കത്ത് അതീവ ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി.സിമാരുടെ നിയമനങ്ങളിലും യൂണിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനത്തിലും മനം മടുത്താണ് ചാന്‍സലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ സന്നദ്ധനായത്. മുഖ്യമന്ത്രിക്ക് ഒരു ഗവര്‍ണര്‍  ഇത്തരമൊരു കത്ത് നല്‍കേണ്ടിവന്നത് രാജ്യത്ത് ആദ്യമായിട്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു. 

സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്. പ്രതിപക്ഷം നേരത്തെ പറഞ്ഞത് ഗവര്‍ണര്‍ ശരിവച്ചിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. 

Astrologer

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്‍ക്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും നേരത്തെ പലവട്ടം പ്രതിപക്ഷം തെളിവ് സഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടര്‍ന്ന മുഖ്യമന്തിക്ക് ഇപ്പോള്‍ എന്ത് പറയാനുണ്ട്? ഗവര്‍ണറുടെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി അറിയാന്‍ പൊതു സമൂഹത്തിന് താത്പര്യമുണ്ട്. യോഗ്യതയില്ലാത്ത നിയമനങ്ങള്‍ വഴി സര്‍വ്വകലാശാലകളുടെ അക്കാദമിക രംഗം പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വ്വകലാശാല ഭരണം സിപിഎം സംഘടനകളുടെ പൂര്‍ണ നിയന്ത്രണത്തിലാക്കി. പാര്‍ട്ടി നിയമനങ്ങള്‍ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സര്‍വകലാ ശാലകള്‍ മാറ്റപെട്ടതിന്റെ ദുരന്തം അനുഭവിക്കുന്ന് വിദ്യാഭ്യാസ മേഖല ഒന്നാകെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സര്‍വ്വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും യു.ജി.സി. മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവര്‍ണറുടെ കത്തെന്ന് വിഎം സുധീരന്‍

     

എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ ‘ചാന്‍സലറായിക്കൊള്ളൂ’ എന്ന് ഗവര്‍ണര്‍ക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്. 

     

ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുതിരുത്തണം. വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തെറ്റായ സര്‍വ്വ നടപടികളും റദ്ദാക്കുകയും വേണം. അര്‍ഹതയില്ലാത്തവരെ സര്‍വ്വകലാശാലാ ഉന്നത തലങ്ങളില്‍ തിരികിക്കയറ്റാനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നടപടികളും പിന്‍വലിച്ചേ മതിയാകൂവെന്നും സുധീരന്‍ ആവശ്യപ്പെട്ടു

Vadasheri Footer