വിദേശ മാധ്യമ പ്രവർത്തകക്ക് നേരെ അസഭ്യ വർഷവും കയ്യേറ്റ വും
പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിനായി എത്തിയ വനിതാ റിപ്പോർട്ടർക്കും സഹപ്രവർത്തകനും നേരെ പ്രതിഷേധക്കാർ അസഭ്യവർഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ സുഹാസിനി രാജാണ് പ്രതിഷേധക്കാരുടെ അധിക്ഷേപത്തിന് ഇരയായത്.
ഇന്ന് രാവിലെ 7.30ഓടെയാണ് അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണയിൽ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും പമ്പയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയത്. എന്നാൽ, സ്വാമി അയ്യപ്പൻ റോഡിൽ മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാർ സുഹാസിനിയെ വളയുകയായിരുന്നു. സുഹാസിനിയുടെ പ്രായം എത്രയാണെന്ന് ചോദിച്ചു കൊണ്ട് പ്രതിഷേധക്കാർ ക്ഷുഭിതരായി. താൻ ദർശനത്തിന് എത്തിയതല്ലെന്നും റിപ്പോർട്ടിംഗിനായി പോകുകയാണെന്ന് പറഞ്ഞിട്ടും പ്രവർത്തകർ വഴങ്ങിയില്ല. തിരിച്ചറിയൽ കാർഡും സുഹാസിനി കാണിച്ചെങ്കിലും തിരിച്ചു പോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കാനും തുടങ്ങി. കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് സുഹാസിനിയെ രക്ഷിച്ചത്. അധിക്ഷേപവും അസഭ്യവർഷവും തുടർന്നതോടെ സുഹാസിനി തിരിച്ചു പോകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ അകമ്പടിയോടെ തന്നെ സുഹാസിനിയും സഹപ്രവർത്തകനും പമ്പയിലേക്ക് മടങ്ങി.
ലക്‌നൗ സ്വദേശിനിയായ സുഹാസിനി നേരത്തെ കോബ്രാ പോസ്റ്റിൽ ജോലി ചെയ്തിരുന്നു. 2005ൽ ആജ് തക്കിൽ സംപ്രേഷണം ചെയ്ത ഓപ്പറേഷൻ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്നാണ്.
വികാരം വ്രണപ്പെടുത്തി മല കയറാനില്ല: സുഹാസിനി
താൻ റിപ്പോർട്ടിംഗിനായാണ് എത്തിയതെന്നും ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനില്ലെന്നും സുഹാസിനിമാദ്ധ്യമങ്ങളോട് പറഞ്ഞു. അനാവശ്യ പ്രശ്നങ്ങൾക്കില്ലെന്നും അവർ പറഞ്ഞു.
സുരക്ഷ ഒരുക്കിയിരുന്നു: ഐ.ജി മനോജ് എബ്രഹാം
അതേസമയം, സുഹാസിനി രാജിന് സന്നിധാനത്ത് എത്താൻ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നുവെന്ന് ഐ.ജി.മനോജ് എബ്രഹാം പറഞ്ഞു. മുന്നോട്ട് പോയാൽ സുരക്ഷ കൊടുക്കാനും പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളർത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവൻ സുരക്ഷ ഒരുക്കും. സ്ത്രീകളടക്കമുള്ള ഭക്തരെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുമെന്നും ഐ.ജി പറഞ്ഞു.
ഇതിനിടെ ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ മൗസമി സിങിന് നേരെ അക്രമം അരങ്ങേറി . ബസില്‍ വച്ചാണ് ഒരു കൂട്ടം അക്രമികള്‍ പാഞ്ഞടുത്തത്. ഒരു ഭാവമാറ്റവുമില്ലാതെ മൗസമി റിപ്പോര്‍ട്ടിംഗ് തുടര്‍ന്നു. അതിനിടെ കഴിവാവുന്ന രീതിയിലെല്ലാം അസഭ്യം പറയാനും കയ്യില്‍ പിടിക്കാനും ക്യാമറ പിടിച്ചു വാങ്ങാനുമെല്ലാം അക്രമികള്‍ ശ്രമിച്ചു. ഈ സമയമെല്ലാം ഹിന്ദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മൗസമി തുടര്‍ന്നു. ബസിനകത്ത് ഒരു കൂട്ടം പേര്‍ എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന് മൗസമി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് ഹിന്ദി അറിയാത്തതിനാലാകണം അയ്യപ്പ അക്രമ ഭക്തര്‍ക്ക് മനസിലായി കാണില്ല. കാരണം അവര്‍ അപ്പോഴും അക്രമം തുടരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇന്ത്യാ ടുഡെ തന്നെയാണ് പുറത്തുവിട്ടത്.