
പാലയൂര്‍ ദുക്‌റാന തിരുനാള്‍ മൂന്നിന്

ചാവക്കാട് : പാലയൂര്‍ സെയിന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാള്‍ ജൂലായ് മൂന്നിനും തര്‍പ്പണ തിരുന്നാള്‍ ജൂലായ് 11, 12 തിയതികളിലും ആഘോഷിക്കുമെന്ന് തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. നിതിന്‍ താഴത്ത് എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ദുക്‌റാന ദിനമായ മൂന്നിന് തീര്‍ഥകേന്ദ്രത്തില്‍ രാവിലെ 6.30 മുതല്‍ വൈകീട്ട് നാല് വരെ തുടര്‍ച്ചയായി കുര്‍ബാനയുണ്ടാവും.
രാവിലെ 7.30-ന് തളിയകുളത്തില്‍നിന്നുള്ള കോടിയേറ്റ പ്രദക്ഷിണത്തിനുശേഷം ദുക്റാന ഊട്ട് തുടങ്ങും. കാല്‍ ലക്ഷം പേര്‍ക്ക് ഒരുക്കുന്ന ഊട്ടുസദ്യ ഉച്ചതിരിഞ്ഞ് നാലു വരെ തുടരും. ഊട്ടുസദ്യയും പായസവും പാര്‍സലായും നല്‍കും. 9.30-ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യകാര്‍മികനാവും. തുടര്‍ന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ തര്‍പ്പണതിരുനാള്‍ കൊടിയേറ്റം നടത്തും.
വൈകീട്ട് നാലിന് നടക്കുന്ന റാസ കുര്‍ബാനയ്ക്ക് ഫാ. ബിജു പാണേങ്ങാടന്‍ മുഖ്യകാര്‍മികനാവും. ഫാ. ക്ലിന്റ് പാണേങ്ങാടന്‍, ഫാ. ജാക്‌സണ്‍ തെക്കേക്കര എന്നിവര്‍ സഹകാര്‍മികരാവും. തര്‍പ്പണതിരുനാളിന്റെ ഭാഗമായി ജൂലൈ നാലു മുതല്‍ എട്ടു വരെ ദിവസവും വൈകീട്ട് 5.30ന് ആഘോഷമായ നവനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന വിവിധ കുടുംബകൂട്ടായ്മകളുടെയും സംഘടനകളുടെയും കലാപരിപാടികള്‍ എന്നിവയുണ്ടാവും.
കൈക്കാരന്‍ സേവിയര്‍ വാകയില്‍, ജനറല്‍ കണ്‍വീനര്‍ ടി.ജെ. ഷാജു, മറ്റു ഭാരവാഹികളായ ജോയ് ചിറമ്മല്‍, ബോബ് ഇലവത്തിങ്കല്‍, ഇ. ജെഫിന്‍ ജോണി, ഫ്രാന്‍സിസ് മുട്ടത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

